തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി ആപ്റ്റിലെ മൂന്ന് ജീവനക്കാർക്ക് വർഷങ്ങൾക്കിപ്പുറവും ജോലി സെക്രേട്ടറിയറ്റിലും ശമ്പളം സി ആപ്റ്റിലും. സി ആപ്റ്റിൽ കമ്പ്യൂട്ടർ ഓപറേറ്റർ, ഡി.ടി.പി ഓപറേറ്റർ, ഓഫിസ് അറ്റൻറ് തസ്തികകളിൽ ജോലിചെയ്തിരുന്നവരാണ് സെക്രേട്ടറിയറ്റിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കെ സെക്ഷനിൽ തുടരുന്നത്.
ഇൗ ജീവനക്കാരെ തിരികെ വിളിക്കാൻ സി ആപ്റ്റിലെ തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ജീവനക്കാരും പറയുന്നു. ഓരോവർഷവും സി ആപ്റ്റിൽനിന്ന് എൻ.ഒ.സി നൽകി സെക്രേട്ടറിയറ്റിൽ തുടരുകയാണ്. ജീവനക്കാരുടെ കുറവ് കാരണം ദൈനംദിന പ്രവൃത്തികൾക്ക് മറ്റു പല യൂനിറ്റുകളിൽ നിന്നും ജീവനക്കാരെ വട്ടിയൂർക്കാവിലെ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിക്കൊണ്ടിരിക്കെയാണ് ഇത്. മാനദണ്ഡം പാലിക്കാതെയുള്ള സ്ഥലംമാറ്റത്തിനെതിരെ ആസ്ഥാന ഒാഫിസിന് മുന്നിൽ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പ്രതിഷേധവും അരങ്ങേറി. പാല, കടുത്തുരുത്തി, കൊല്ലം ഉപകേന്ദ്രങ്ങളിൽനിന്ന് 30ഓളം ജീവനക്കാരെയാണ് ഹെഡ് ഓഫിസിലേക്ക് മാറ്റിയത്.
സെക്രേട്ടറിയറ്റിൽ ജീവനക്കാർ അധികമാണെന്നും 300 പേരെ പുനർവിന്യസിക്കണമെന്നും ഉന്നതതല സമിതി റിപ്പോർട്ട് നിലനിൽക്കെയാണ് ചട്ടലംഘനം തുടരുന്നത്. മൂന്ന് ജീവനക്കാർ സെക്രേട്ടറിയറ്റിൽ വർഷങ്ങളായി ജോലിചെയ്തുവരുന്ന സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അന്വേഷിക്കാമെന്നും മാനേജിങ് ഡയറക്ടർ പി. സുരേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.