മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് യൂത്ത് ജംഗ്ഷനിൽ ടാങ്കറും മീൻ ലോറിയും കൂട്ടിയിടിച്ചു. പിന്നാലെ വന്ന മറ്റൊരു മീൻ ലോറി ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. അപകടത്തിൽ ചെറിയ പരിക്ക് പറ്റിയ രണ്ട് ലോറി ജീവനക്കാർക്ക് പ്രാഥമിക ചികിത്സ നൽകി. കണ്ണൂർ ഭാഗത്ത് നിന്നും സർവ്വീസ് റോഡ് വഴി വന്ന ടാങ്കർ ലോറി തലശ്ശേരി ഭാഗത്തേക്ക് നാഷനൽ ഹൈവേയിലേക്ക് കയറുന്നതിനിടെ തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന മീൻ വണ്ടി ടാങ്കറുമായി ഇടിക്കുകയായിരുന്നു.
തൊട്ടുപിറകെ തന്നെ ഉണ്ടായിരുന്ന മറ്റൊരു മീൻ ലോറി ബ്രേക്കിട്ടതോടെ ലോറി തലകീഴായി മറിയുകയായിരുന്നു. നല്ല മഴയുള്ള സമയമായതിനാൽ കൺമുന്നിലെ അപകടം കണ്ട് ബ്രേക്ക് ഇട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ എടക്കാട് പൊലീസ് വാഹന ഗതാഗതം നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ പെട്ട ലോറികളിലെ മത്സ്യങ്ങൾ മറ്റൊരു വണ്ടിയിലേക്ക് മാറ്റിക്കയറ്റി. സർവീസ് റോഡിൽ നിന്നും നാഷനൽ ഹൈവേയിലേക്ക് കയറുന്നിടത്ത് അപകടക്കുരുക്കാണെന്നും അധികൃത ഇത് പഠിച്ച് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.