കോഴിക്കോട്: പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കരാർ കമ്പനിക്ക് വഴിവിട്ട സഹായം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് നൽകിയെന്ന വിജിലൻസിന്‍റെ കണ്ടെത്തലാണ് ഒടുവിൽ അറസ്റ്റിലേക്ക് നയിച്ചത്. കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് കഴിഞ്ഞ മാർച്ചിൽ തന്നെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസിലെ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.
മാർച്ച് ഒമ്പതിന് വിജിലൻസ് ഇബ്രാഹിംകുഞ്ഞിന്‍റെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച ഇൻകം ടാക്സ് രേഖയിൽ നാലരക്കോടി രൂപ അദ്ദേഹത്തിന്‍റെ കൈയിൽ നിന്ന് കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ പണം കൈക്കൂലിയായി ലഭിച്ച തുകയാണെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.
പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയായ ആർ.ഡി.എസിന് വ്യവസ്ഥകൾക്ക് വിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ തുക അനുവദിച്ചുവെന്നതാണ് അടുത്ത കണ്ടെത്തൽ. മൊബിലൈസേഷൻ അഡ്വാൻസ് എന്ന നിലക്കാണ് ഈ തുക അനുവദിച്ചത്. ഏഴ് ശതമാനം പലിശക്കാണ് വായ്പ അനുവദിച്ചത്. സാധാരണ ഗതിയിൽ 13.5 ശതമാനം പലിശക്കാണ് പൊതുമേഖല സ്ഥാപനങ്ങൾക്ക് വായ്പ അനുവദിക്കാറ്. ഈ ചട്ടം മറികടന്ന് വായ്പ അനുവദിച്ചതിലൂടെ 85 ലക്ഷം സർക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് രണ്ടാമത്തെ കണ്ടെത്തൽ.
പാലത്തിന്‍റെ ഗുണനിലവാരത്തിലും ഡിസൈനിങ്ങിലും വീഴ്ചവരുത്തിയതിലൂടെ 13 കോടി രൂപ സർക്കാറിന് നഷ്ടമുണ്ടാക്കിയതായാണ് മൂന്നാമത്തെ കണ്ടെത്തൽ. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് അവകാശപ്പെടുന്നത്.
കേസിൽ നേരത്തെ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജാണ് അഴിമതിയിൽ മുൻമന്ത്രിയുടെ പങ്ക് സംബന്ധിച്ച് ആദ്യം വിജിലൻസിനോട് വെളിപ്പെടുത്തിയത്. മന്ത്രിയുടെ അറിവോടെയാണ് മുൻ കൂർ തുക അനുവദിച്ചതെന്നും പലിശയില്ലാതെ തുക നൽകാനാണ് മന്ത്രി നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് ഏഴ് ശതമാനം പലിശ നിശ്ചയിച്ചത് താനാണെന്നുമായിരുന്നു സൂരജ് നൽകിയ മൊഴി. ഇത് മന്ത്രിയുടെ പങ്ക് സംബന്ധിച്ച അന്വേഷണത്തിൽ നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.