ചാവക്കാട്: അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവും 45,000 രൂപ പിഴയും. കുന്നംകുളം പോർക്കുളം കോട്ടയിൽ സത്യൻ (63), മകൻ ജിതിൻ (25), ജിതിന്റെ സുഹൃത്ത് കാട്ടകാമ്പാൽ നടുവിൽ പറമ്പിൽ ശ്രീജിത്ത് (27) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. സത്യന്‍റെ സഹോദരൻ കേശവനെ (60) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.
2018 മെയ് ആറ് വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ഒരേ വീട്ടിലാണ് സത്യനും ജിതിനും കേശവും താമസിച്ചിരുന്നത്. കുടുംബ വഴക്ക് നേരത്തെ മുതൽ നിലനിന്നിരുന്നു. മരം മുറിക്കാരനായ കേശവൻ ജോലി കഴിഞ്ഞ് വന്ന് പുറത്തുള്ള കുളിമുറിയിലേക്ക് പോകുമ്പോൾ ഒന്നാം പ്രതിയായ ജിതിനും പിതാവ് സത്യനും കേശവനെ ആക്രമിക്കുകയായിരുന്നു.
സത്യൻ പിടിച്ചുനിർത്തുകയും ജിതിൻ അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് കേശവന്റെ നെഞ്ച് ലക്ഷ്യമാക്കി കുത്തുകയും ചെയ്തു. പെട്ടെന്ന് ചരിഞ്ഞതിനാൽ കുത്ത് പുറത്തു കൊള്ളുകയും കത്തിയൂരി വീണ്ടും രണ്ട് കുത്തു കൂടി പുറത്തു കുത്തുകയുമായിരുന്നുവെന്നാണ് കേസ്. വീട്ടിലുണ്ടായിരുന്ന കേശവന്റെ മകൾ ഓടിയെത്തിയപ്പോൾ അവരെ ശ്രീജിത്ത് തള്ളിയിട്ടു. ആളുകൾ ഓടി കൂടിയതോടെ പ്രതികൾ കത്തിയുമായി ഓടി രക്ഷപ്പെട്ടു.
കേശവനെ ഉടനെ തൃശ്ശൂർ മെഡിക്കൽ കോളജിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിഴ സംഖ്യ മുഴുവൻ കേശവന് നൽകണമെന്നാണ് വിധി. ഒന്നാംപ്രതി ദീർഘകാലം ഒളിവിൽ ആയിരുന്നതിനാൽ കത്തി കണ്ടെടുക്കാൻ സാധിക്കാതെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ആർ. രജിത്കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.