കാക്കനാട്: സ്വന്തം കെട്ടിടം ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങള്‍ ഉണ്ടായിട്ടും തൃക്കാക്കര നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ കടലാസില്‍ ഒതുങ്ങുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നപ്പോള്‍ മൂന്നോ നാലോ രോഗികള്‍ക്ക് നല്‍കിയിരുന്ന കിടത്തിച്ചികിത്സ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ അന്യമായി. കുടുംബാരോഗ്യ കേന്ദ്രമാക്കിയിട്ട് അഞ്ചുവർഷം പിന്നിടുന്നു. കിടത്തിച്ചികിത്സക്കൊപ്പം രാത്രി സര്‍വിസ് നടത്തിയിരുന്ന 108 ആംബുലന്‍സിന്റെ സേവനവും നിലച്ച അവസ്ഥയിലാണ്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവേളയില്‍ ഇ.സി.ജി ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. ദിവസവും 300ലേറെ രോഗികൾ ഇവിടെയെത്തുന്നു. നേരത്തേ മണിക്കൂറുകളോളം ക്യൂനിന്ന് വലഞ്ഞെങ്കിൽ ഇപ്പോൾ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയതാണ് രോഗികൾക്ക് ഏക ആശ്വാസം.
പനി ഉൾപ്പെടെ വിവിധ രോഗങ്ങൾ പടരുന്നതിനിടെ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാതായതോടെ രോഗികള്‍ ദുരിതത്തിലാണ്. രോഗീബാഹുല്യം കണക്കിലെടുക്കുമ്പോള്‍ എട്ട് ഡോക്ടര്‍മാരെങ്കിലും വേണ്ട സ്ഥാനത്താണ് വെറും മൂന്നുപേർ മാത്രം. ഇവരിൽ ഒരാൾ നീണ്ട അവധിയിലാണ്. ബാക്കി രണ്ടുപേരിൽ മെഡിക്കല്‍ ഓഫിസര്‍ കൂടിയായ ഡോക്ടര്‍ മിക്ക ദിവസവും ഔദ്യോഗിക തിരക്കുകളിൽ ആകുന്നതോടെ ഫലത്തില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമായിരിക്കും. അവധിയില്‍ പോയ ഡോക്ടര്‍ക്ക് പകരം സ്വന്തം നിലയില്‍ ഡോക്ടറെ നിയമിക്കാന്‍ നഗരസഭാ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടും നടപടിയില്ല. ഡോക്ടര്‍ ഉള്‍പ്പെടെ ജീവനക്കാരെ നിയമിക്കണമെന്നതടക്കം ആവശ്യങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നാണ് നഗരസഭാധികൃതരുടെ നിലപാട്.
സമീപത്തെ സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളിയാണ് ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെയാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി സമയം. എന്നാല്‍, ഡോക്ടറുടെ സേവനം ഉച്ചക്ക് രണ്ടുവരെയാക്കി ചുരുക്കി. കിടത്തിച്ചികിത്സ ഏര്‍പ്പെടുത്താന്‍ സാങ്കേതിക തടസ്സമുണ്ടെന്നാണ് നഗരസഭാധികൃതരുടെ വിശദീകരണം. സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയാലേ കിടത്തിച്ചികിത്സാ സൗകര്യം ലഭ്യമാകൂവെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.