കൊച്ചി: ചോറ്റാനിക്കരയിൽ നാലര വയസ്സുകാരിയെ ഭിത്തിയിലിടിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതിക്ക് വധശിക്ഷ. കുട്ടിയുടെ മാതാവിനും കാമുകനും ഇരട്ട ജീവപര്യന്തം തടവ്. തിരുവാണിയൂര്‍ മീമ്പാറ െകാന്നംപറമ്പില്‍ രജിത്തിനാണ് (33) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി വധശിക്ഷ വിധിച്ചത്. രണ്ടും മൂന്നും പ്രതികളായ പെൺകുട്ടിയുടെ മാതാവ് റാണി (27), തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസില്‍ കെ. ബാബു (23) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.
സുപ്രീംകോടതി വിധിന്യായങ്ങളുടെ വെളിച്ചത്തിലാണ് കേസ് വധശിക്ഷ വിധിക്കാൻ തക്ക അപൂർവങ്ങളിൽ അപൂർവമായതാണെന്ന് കോടതി കണ്ടെത്തിയത്. മൂവരും ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയെത്തുടർന്നാണ് നിഷ്കളങ്കയായ പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് വിധിന്യായത്തിൽ പറയുന്നു. കുട്ടിയെ ഇല്ലാതാക്കണമെന്ന കൂട്ടായ തീരുമാനം ഒന്നാം പ്രതി നടപ്പാക്കുകയായിരുന്നു. ലൈംഗിക അതിക്രമത്തിനൊടുവിലാണ് കൊലപ്പെടുത്തിയത്. മുൻകൂട്ടിയുള്ള ആസൂത്രണത്തിനൊടുവിൽ തലയിലും കഴുത്തിലും അടക്കം 25ഒാളം മാരക മുറിവുകളേൽപിച്ചാണ് പ്രതി ക്രൂരകൃത്യം നടത്തിയത്. മാപ്പ് നൽകാൻ തക്ക പ്രവൃത്തിയല്ല ഇത്. പ്രതി നല്ല ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് കരുതാനാകില്ല. ഇൗ സാഹചര്യത്തിലാണ് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. ഗൂഢാലോചനക്ക് ജീവപര്യന്തവും തെളിവ് നശിപ്പിച്ചതിനും ലൈംഗിക അതിക്രമത്തിനും പോക്സോ ആക്ട് പ്രകാരവും ഏഴുവർഷം വീതം തടവും ഇയാൾക്ക് വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായി 1,75,000 രൂപ പിഴ അടക്കണം.
രണ്ടും മൂന്നും പ്രതികൾക്ക് കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ഇതിന് പുറമെ തെളിവ് നശിപ്പിച്ചതിന് മാതാവിന് ഏഴുവർഷവും കാമുകന് അഞ്ചുവർഷവും തടവുശിക്ഷയുമുണ്ട്. മാതാവിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആറുമാസത്തെ തടവും വിധിച്ചു. ഇരുവരും 1,25,000 രൂപ വീതം പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി തടവ് അനുഭവിക്കണം.2013 ഒക്ടോബർ 29നാണ് കരിങ്ങാച്ചിറ എം.ഡി.എം എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയായ പെൺകുട്ടി ദാരുണമായി െകാലചെയ്യപ്പെട്ടത്.
മരണമുഖത്തുനിന്ന് മുഖ്യ പ്രതി തൂക്കുകയറിലേക്ക്
നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുഖ്യ പ്രതി രജിത്ത് കോടതിയിലെത്തിയത് മരണത്തെ മുഖാമുഖം കണ്ടശേഷം. കഴിഞ്ഞയാഴ്ച കോടതി കുറ്റക്കാരനായി കണ്ടെത്തിയതിന് പിന്നാലെ ഇയാൾ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എറണാകുളത്തും കോട്ടയത്തുമായി നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീണ്ടും ഇന്നലെ കോടതിയിലെത്തിയപ്പോൾ രജിത്തിനായി കോടതി കരുതിവെച്ചത് കൊലക്കയറായിരുന്നു.
പ്രതിയുടെ പ്രവൃത്തിയിലെ ക്രൂരത പരിശോധിക്കുേമ്പാൾ വധശിക്ഷക്ക് അർഹനാണെന്ന് വിലയിരുത്തിയാണ് ഇന്ത്യൻ ശിക്ഷ നിയമം നിഷ്കർഷിക്കുന്ന പരമാവധി ശിക്ഷ കോടതി വിധിച്ചത്. 2013 ഒക്ടോബർ 29നാണ് ഇയാൾ ക്രൂര കൃത്യം നടത്തിയത്. സ്കൂളിൽനിന്ന് വരുകയായിരുന്ന കുട്ടിയെ രജിത്തും ബേസിലും ചേർന്നാണ് ഇവർ വാടകക്ക് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്തിച്ചത്. വൈകുന്നേരം ആറോടെ കുട്ടിയുടെ മാതാവും മൂന്നാം പ്രതി ബേസിലും പുറത്തുപോയ സമയത്താണ് നേരത്തേ ആസൂത്രണം ചെയ്തപോലെ കൊലപാതകം നടത്തിയത്.
ടി.വി കാണുകയായിരുന്ന കുട്ടിയെ പിന്നിൽനിന്ന് തലക്ക് അടിച്ചുവീഴ്ത്തി. നിലത്ത് വീണ കുട്ടിയെ ഭിത്തിയിലടിച്ചും നിലത്തിട്ട് ചവിട്ടിയും മരണം ഉറപ്പിച്ചു. മറ്റ് പ്രതികൾ എത്തിയശേഷം മൂന്നാം പ്രതിയുടെ സഹായത്തോടെ മൃതദേഹം ബിഗ്ഷോപ്പറിലാക്കി മതിലിന് പുറത്ത് ഒളിപ്പിച്ചു. പിന്നീട് ബൈക്കിൽ, ഇവർ മണ്ണ് നികത്താൻ കരാർ എടുത്തിരുന്ന സ്ഥലത്തെത്തിച്ച് ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടുകയായിരുന്നു.
നാലര വയസ്സുകാരിെയ കൊന്ന് കുഴിച്ചുമൂടാൻ കൂട്ടുനിന്ന അമ്മ
സ്ത്രീസമൂഹത്തിന് അപമാനമെന്ന് കോടതി
നാലര വയസ്സുകാരിയെ കൊന്ന് കുഴിച്ചുമൂടാൻ കൂട്ടുനിന്ന മാതാവ് റാണി സ്ത്രീസമൂഹത്തിനുതന്നെ അപമാനമാണെന്ന് കോടതി. മുഖ്യപ്രതിയായ രജിത്തിനും കാമുകനായ ബേസിൽ കെ. ബാബുവിനുമൊപ്പം മകളെ കൊല ചെയ്യാൻ കൂട്ടുനിന്ന ഇവർക്ക് അമ്മയെന്ന് വിളിക്കപ്പെടാൻപോലും അർഹതയില്ലെന്ന് കോടതി നിരീക്ഷിച്ചു. െകാലയുടെ യഥാർഥ ലക്ഷ്യം തെളിയിക്കാൻ പ്രോസിക്യൂഷനായിട്ടില്ല. എന്നാൽ, ലക്ഷ്യം എന്ത് തന്നെയായിരുന്നാലും കുട്ടിയെ ഉന്മൂലനം ചെയ്യാൻ നടത്തിയ കൃത്യത്തെ നിശിതമായി വിമർശിച്ചാണ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്.
കാമുകന്മാർക്കൊപ്പമുള്ള തെൻറ ജീവിതത്തിന് മകൾ തടസ്സമായിരുന്നെങ്കിൽ രണ്ടാമത്തെ മകളെ തെൻറ അച്ഛനമ്മമാർക്കൊപ്പം വിട്ടതുപോലെ കൊല്ലപ്പെട്ട കുട്ടിയെയും ഏൽപിക്കാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. കൊലപാതകം മറച്ചുവെക്കാൻ റാണി നടത്തിയ നാടകമാണ് പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. മകളെ കാണാനില്ലെന്ന് പരാതി നൽകിയ റാണിയുടെ മൊഴികളിൽ വൈരുധ്യം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് െകാലപാതകത്തിെൻറ ചുരുളഴിഞ്ഞത്.49 രേഖകളും 37 സാക്ഷികളെയും വിസ്തരിച്ചാണ് കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്കാളിത്തം പ്രോസിക്യൂഷൻ തെളിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.