ഷൊർണൂർ: 06495 നമ്പർ തൃശൂർ- കോഴിക്കോട് പ്രത്യേക എക്സ്പ്രസ് ട്രെയിൻ റദ്ദാക്കാനുള്ള നടപടി തുടങ്ങി. ആദ്യഘട്ടമായി തിങ്കളാഴ്ച മുതൽ ഈ ട്രെയിൻ തൃശൂരിനും ഷൊർണൂരിനുമിടയിൽ യാത്ര നടത്തില്ല. മൂന്നു മാസത്തേക്കാണ് ഈ നിയന്ത്രണമെന്നാണ് റെയിൽവേ അധികൃതർ പറയുന്നതെങ്കിലും വൈകാതെ ഈ ട്രെയിൻ നിർത്തലാക്കാനാണ് അണിയറയിൽ നീക്കം നടക്കുന്നത്. ഷൊർണൂരിൽനിന്ന് ഉച്ചക്ക് ഒന്നോടെ തൃശൂരിലെത്തുന്ന 06497 ഷൊർണൂർ - തൃശൂർ എക്സ്പ്രസ് ട്രെയിനാണ് 06495 ആയി വൈകീട്ട് 5.35ന് തൃശൂരിൽനിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് കോഴിക്കോട്ടെത്തുന്നത്.
പിറ്റേന്ന് രാവിലെ 7.30ന് ഈ ട്രെയിൻ കോഴിക്കോട്ടുനിന്ന് യാത്ര പുറപ്പെട്ട് ഷൊർണൂരെത്തുകയും ചെയ്യും. ഈ ട്രെയിനാണ് ഉച്ചക്ക് ഒന്നോടെ തൃശൂരിലെത്തി തിരിച്ച് വൈകീട്ട് യാത്ര കോഴിക്കോട്ടേക്ക് നടത്തുന്നത്. ഈ ട്രെയിനിന്റെ ഷൊർണൂരിനും തൃശൂരിനുമിടയിൽ യാത്ര റദ്ദാക്കുന്നതോടെ രാവിലെ കോഴിക്കോടിനും ഷൊർണൂരിനുമിടയിലുള്ള ഒരു പാസഞ്ചർ ട്രെയിൻ ഇല്ലാതാകുന്ന സാഹചര്യമാകും ഉണ്ടാവുക. ഇത് ചെറിയ സ്റ്റേഷനുകളിൽനിന്നുമുള്ള ട്രെയിൻ യാത്രക്കാരെയും സീസൺ ടിക്കറ്റ് യാത്രക്കാരെയും ഏറെ ബാധിക്കും.
നിലവിൽ ഉച്ചക്ക് 2.30ന് തൃശൂരിൽനിന്നുമുള്ള ട്രെയിൻ പോയാൽ ചെറുകിട സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് വൈകീട്ട് 7.05ന് മാത്രമാണ് ട്രെയിനുള്ളത്. ഇത് പൂങ്കുന്നം, മുളങ്കുന്നത്തുകാവ്, വടക്കാഞ്ചേരി, മുള്ളൂർക്കര, വള്ളത്തോൾ നഗർ സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാരെ ദോഷകരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.