തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടിവന്നിട്ടും ‘പൂരം കലക്കലിന്’ അപ്പുറം വിലയിരുത്തലുകളും പരിശോധനകളുമില്ലാതെ മുന്നണികൾ.
സിറ്റിങ് സീറ്റിൽ അതിദയനീയമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ കോൺഗ്രസും സ്വന്തം കോട്ടകളിൽ പോലും തിരിച്ചടി നേരിട്ട സി.പി.ഐയും ഫലപ്രഖ്യാപനം പുറത്തുവന്നത് മുതൽ പാളിച്ചകൾ വിലയിരുത്തുന്നതിനു പകരം പൂരം കേന്ദ്രീകരിച്ചുള്ള പ്രസ്താവന യുദ്ധത്തിൽ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. ഡി.സി.സി പ്രസിഡന്റിന്റെ പദവിമാറ്റം കോൺഗ്രസിൽ സംഭവിച്ചതാണ് ഇതിന് ഏക അപവാദം.
സിറ്റിങ് എം.പിമാർക്കെല്ലാം തുടർമത്സരത്തിന് അവസരം നൽകാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. ഇതിൽ തിരുത്തൽ വരുത്തിയത് തൃശൂരിൽ മാത്രമായിരുന്നു. തൃശൂരിൽ മത്സരം കടുത്തതാണെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ടായിരുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. പത്മജയുടെ ബി.ജെ.പി പ്രവേശവും ഈ തീരുമാനത്തെ സ്വാധീനിച്ചിരിക്കണം.
കോൺഗ്രസിലെ ജനകീയ മുഖങ്ങളിലൊന്നായ കെ. മുരളീധരനെ വടകരയിൽനിന്ന് തൃശൂരിലെത്തിച്ചതും സീറ്റ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു.
സ്ഥാനാർഥിമാറ്റം സംഭവിച്ചതല്ലാതെ പ്രവർത്തനത്തിൽ ഒരു മാറ്റവും തൃശൂരിൽ ഉണ്ടായില്ലെന്നതാണ് കോൺഗ്രസിന്റെ ദയനീയ തിരിച്ചടി വെളിപ്പെടുത്തുന്നത്. സംസ്ഥാനത്തുതന്നെ കോൺഗ്രസിൽ ഏറ്റവും ശക്തമായ ഗ്രൂപ്പ് പ്രവർത്തനമുള്ള ജില്ല കൂടിയാണ് തൃശൂർ.
ഏറ്റവും മികച്ച സ്ഥാനാർഥിയെയാണ് സി.പി.ഐ അവതരിപ്പിച്ചതെന്ന കാര്യത്തിൽ രാഷ്ട്രീയ എതിരാളികൾക്കുപോലും വ്യത്യസ്ത അഭിപ്രായമുണ്ടാകില്ല. എന്നാൽ, പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽപോലും ഇത് ഒരു അനുകൂല ചലനവുമുണ്ടാക്കിയില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്. മാത്രമല്ല, പലയിടത്തും വോട്ട് ചോർച്ചയുമുണ്ടായി. സി.പി.എമ്മിന്റെ പ്രവർത്തനം സംബന്ധിച്ച് തെരഞ്ഞെടുപ്പിനു മുമ്പോ ശേഷമോ സി.പി.ഐ ആക്ഷേപം ഉയർത്തിയിട്ടുമില്ല.
അടുത്ത വർഷമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഇതിനു മുമ്പ് തൃശൂർ ലോക്സഭ മണ്ഡലത്തിന്റെ പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളിൽ വലിയ വിലയിരുത്തലുകളും തിരുത്തലുകളും ആവശ്യമായിവരും.
എന്നാൽ, സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ പൂരത്തിൽ ചുറ്റിത്തിരിയാനാണ് ഇപ്പോഴും പാർട്ടികൾ താൽപര്യപ്പെടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയം 74,685 വോട്ടിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.