തൃശൂർ: ‘ഇലഞ്ഞിത്തറയിൽ പാണ്ടിയുടെ മേളകാലം നിരന്നില്ല... മഠത്തിന് മുന്നിൽ പഞ്ചവാദ്യത്തിെൻറ പതികാലം വിടർന്നില്ല. തെക്കേനടയിൽ വർണക്കാഴ്ചയുടെ കുടമാറ്റമുണ്ടായില്ല... ഒടുവിൽ രാത്രിയിൽ വാനിൽ അഗ്നിയുടെ പൂക്കളം വിരിഞ്ഞില്ല. തൃശൂരിന് ഇത്തവണ കണ്ണീർപൂരമായിരുന്നു. ഓർമയുടെ പൂരങ്ങളിൽ ഈ നാടിന് ഈ കോവിഡ് കാലം ആദ്യ അനുഭവം.
ആളും ആരവങ്ങളും നിറയേണ്ട തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും ശൂന്യമായിരുന്നു. ബ്രഹ്മസ്വം മഠത്തിന് മുന്നിലെ ആലും വടക്കുന്നാഥ മുറ്റത്തെ ഇലഞ്ഞിയും മേളപ്പെരുക്കം കേൾക്കാതെ അസ്വസ്ഥമായി. കഴിഞ്ഞവർഷം ഭഗവതിമാർ ഈ വർഷം കാണാമെന്നുപറഞ്ഞ് പിരിയുന്നതിന് സാക്ഷ്യംവഹിച്ച ശ്രീമൂലസ്ഥാനത്തെ നൂറ്റാണ്ട് പിന്നിട്ട ആൽമുത്തശ്ശനും ഉറപ്പുപാലിക്കപ്പെടാത്ത നഷ്ടപൂരത്തിെൻറ കണ്ണീരൊഴുക്കുന്നു.
ഏറെ പൂരങ്ങളുടെ നേരനുഭവങ്ങളുള്ള തേക്കിൻകാട്ടിലെ വൃക്ഷങ്ങൾ അപ്പോഴും കാത്തുനിന്നെങ്കിലും പൂരം ആഘോഷമാക്കുന്ന ഘടകപൂരങ്ങളൊന്നുമെത്തിയില്ല. തൃശൂർ പൂരത്തിെൻറ പ്രധാന പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവിലും തിരുവമ്പാടിയിലും തന്ത്രിമാരുടെ കാർമികത്വത്തിൽ നിത്യചടങ്ങുകളും ശ്രീഭൂതബലിക്കും ശേഷം ക്ഷേത്രകുളത്തിൽ ആറാട്ട് നടന്നു. ചടങ്ങുകൾ പൂർത്തിയാക്കി ഒമ്പതോടെ നടയടച്ചു. പൂരം നിറയുന്ന വടക്കുന്നാഥ ക്ഷേത്രമാകട്ടെ രാവിലെ എട്ടരയോടെതന്നെ പ്രധാന നടപ്പുര അടച്ചു. തെക്കേഗോപുരനട തുറന്നതേയില്ല.
ഭക്തരുടെ പ്രവേശനം വിലക്കിയതിനാൽ പൂരനാളിലും മാറ്റമൊന്നുമുണ്ടായില്ല. ഘടകക്ഷേത്രങ്ങളിൽ കൊടിയേറ്റംപോലും നടക്കാത്തതിനാൽ നിത്യചടങ്ങുകൾ മാത്രമായിരുന്നു ഇവിടെയും. കോവിഡ് ഇല്ലാത്ത ജില്ലയെന്ന പരിഗണനയിൽ ഒരാനപ്പുറത്ത് എഴുന്നള്ളിപ്പിന് അനുമതിതേടി പാറമേക്കാവ് ദേവസ്വം കലക്ടറെ സമീപിച്ചെങ്കിലും ലോക്ഡൗൺ സാഹചര്യത്തിൽ ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.