മധുസൂദനൻ എം.എൽ.എ വീണ്ടും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റിൽ; പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദത്തിന് താൽകാലിക തിരശ്ശീല

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ സംഘടന പ്രതിസന്ധി പരിഹരിക്കാൻ സി.പി.എം നടപടി. ഫണ്ട് തട്ടിപ്പ് നടന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ജില്ല സെക്രട്ടേറിയറ്റിൽനിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ ടി.ഐ. മധുസൂദനൻ എം.എൽ.എയെ സെക്രട്ടേറിയറ്റിൽ തിരിച്ചെടുത്തു. തിങ്കളാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ നടന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

മധുസൂദനനെതിരെ ആരോപണമുന്നയിച്ച മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ ജില്ല കമ്മിറ്റി അംഗമാക്കാനും തീരുമാനമായി. മധുസൂദനനെതിരെ നടപടിയെടുത്തതിന് പിന്നാലെ ആരോപണമുന്നയിച്ച വി. കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അച്ചടക്കലംഘനത്തിന്റെ പേരിലായിരുന്നു നടപടി. ഇത് ഏറെ വിവാദത്തിനിടയാക്കി. കുഞ്ഞികൃഷ്ണൻ ഏരിയ കമ്മിറ്റിയിൽ തുടരാനാവില്ലെന്ന് അറിയിച്ച് പരസ്യമായി രംഗത്തെത്തിയത് പാർട്ടി നേതൃത്വത്തിന് തലവേദനയായി. നിരവധി നേതാക്കൾ ഇടപെട്ട് സംസാരിച്ചുവെങ്കിലും പ്രശ്നപരിഹാരമായില്ല. നിലവിൽ, കുഞ്ഞികൃഷ്ണന് ജില്ല കമ്മിറ്റിയിലേക്ക് പ്രമോഷൻ നൽകിയതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

പയ്യന്നൂരിലെ പാർട്ടിയുടെ സൗമ്യമുഖം അഡ്വ. പി. സന്തോഷിനെ പുതിയ ഏരിയ സെക്രട്ടറിയായും യോഗം നിയമിച്ചു. വി. കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതോടെ സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ടി.വി. രാജേഷ് ആയിരുന്നു ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. മാസങ്ങളായി രാജേഷ് ഈ സ്ഥാനത്തുണ്ട്. മാടായി ഏരിയയിൽ താമസിക്കുന്ന രാജേഷിനെ അധിക ചുമതലയിൽനിന്ന് ഒഴിവാക്കിയാണ് സന്തോഷിനെ സെക്രട്ടറിയായി നിയമിച്ചത്.

ഏരിയ കമ്മിറ്റി ഓഫിസ് നിർമിച്ച വകയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായാണ് ആദ്യം പരാതി ഉയർന്നത്. ഒരു നറുക്ക് കുറിയുടെ തുക പൂർണമായും ചിട്ടിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുയർന്നിരുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ രണ്ട് റസീറ്റ് ബുക്കിന്റെ കൗണ്ടർ ഫോയിൽ കാണാനില്ലെന്നും പരാതി ഉയർന്നു. രക്തസാക്ഷി കുന്നരുവിലെ ധനരാജ് കുടുംബസഹായ ഫണ്ടിലും സമാന തിരിമറിയുണ്ടായെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ, കണക്കിൽമാത്രമാണ് പ്രശ്നമുണ്ടായതെന്നായിരുന്നു സി.പി.എം പറഞ്ഞത്.

Tags:    
News Summary - T.I. Madhusoodanan MLA again in CPM Kannur District Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.