തിരൂരിൽ ബൈക്ക് ബസ്സിനടിയില്‍പെട്ട് അപകടം: രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

തിരൂര്‍: മോട്ടോര്‍ ബൈക്ക് ബസ്സിനടിയില്‍പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ തിരൂര്‍ മംഗലം അങ്ങാടിയില്‍ വെച്ചാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരായ കോഴിക്കോട് വെണ്ണക്കോട് വെളുത്തേടത്ത് അലി സഅദിയുടെ മകന്‍ മുഹമ്മദ് ഹനാന്‍ (20) വയനാട് വെള്ളമുണ്ട ചെക്ക് വീട്ടില്‍ മൊയ്തുവിന്റെ മകന്‍ അബ്ദുള്ള (20) എന്നിവരാണ് മരിച്ചത്.

ഇരുവരും കുറ്റ്യാടി സിറാജുല്‍ ഹുദാ കോളേജിലെ ബി.എസ്.ഡബ്ല്യു (ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്) വിദ്യാര്‍ഥികളാണ്. ഇന്റണ്‍ഷിപ്പിന്‍റെ ഭാഗമായി സിജിയുടെ സര്‍വേക്ക് വേണ്ടി കൂട്ടായിയിലെ എം.എം.എം.എച്ച്.എസ്.എസ് സ്‌കൂളിലെത്തി മടങ്ങവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് മംഗലം അങ്ങാടിയില്‍ വെച്ച് തിരൂരില്‍ നിന്ന് പുറത്തൂരിലേക്ക് പോവുകയായിരുന്ന ബസ്സിനടിയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ബസ്സിന്റെ പിന്‍ ചക്രം ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളുടെ ദേഹത്ത്കൂടി കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ട് പേരും മരണപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.