തച്ചങ്കരിയടക്കം നാലു പേര്‍ക്ക് ഡി.ജി.പി പദവി

തിരുവനന്തപുരം: എ.ഡി.ജി.പിമാരായ ടോമിന്‍ തച്ചങ്കരി, ആര്‍. ശ്രീലേഖ അടക്കം നാലു പേര്‍ക്ക് ഡി.ജി.പി പദവി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എസ്.പി.ജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ്കുമാര്‍ എന്നിവരും സ്ഥാനക്കയറ്റം ലഭിച്ചവരുടെ പട്ടികയിലുണ്ട്.

ഡി.ജി.പി സ്ഥാനങ്ങളില്‍ ഒഴിവുവരുന്ന സമയത്തായിരിക്കും ഇവരെ ഡി.ജി.പിമാരായി നിയമിക്കുക. അതുവരെ എ.ഡി.ജി.പി പദവിയില്‍ തുടരും. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഐ.എ.എസുകാര്‍ക്ക് ചീഫ് സെക്രട്ടറി പദവി നല്‍കിയ സാഹചര്യത്തിലാണ് ഐ.പി.എസുകാര്‍ക്ക് ഡി.ജി.പി പദവി നല്‍കാന്‍ സ്ക്രീനിംഗ് കമ്മിറ്റി ശിപാര്‍ശ നല്‍കിയിരുന്നു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് സ്കൂളുകളില്‍ അധ്യപക - അനധ്യാപക നിയമനത്തില്‍ ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് മൂന്നു ശതമാനം  സംവരണം ഏര്‍പ്പെടുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 610 പുതിയ തസ്തികകള്‍
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ 610 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.  ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും തസ്തികകള്‍ ഇതില്‍ പെടും. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 9 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോവാസ്കുലര്‍ തൊറാസിക് വിഭാഗത്തില്‍ 14 തസ്തികകളും കാത്ത് ലാബില്‍ 19 തസ്തികകളും  സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

3 പുതിയ ഐ.ടി.ഐകള്‍
കാസര്‍കോട് ജില്ലയിലെ കോടോം-ബേളൂര്‍, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ പുതിയ ഐ.ടി.ഐ. ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ തസ്തികകളും സൃഷ്ടിക്കും. ഐ.ടി.ഐയ്ക്കുളള സ്ഥലവും കെട്ടിടവും ഫര്‍ണിച്ചറും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് തീരുമാനം.

ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തന്നവര്‍ക്ക് കടുത്ത ശിക്ഷ
ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിനുളള നിയമഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ വിധിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നിലവിലെ നിയമത്തില്‍ പതിനായിരം രൂപ  മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് പിഴ, തടവ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയും. ശിക്ഷ വര്‍ധിപ്പിക്കുന്നതിന് കേരള ഇറിഗേഷന്‍ ആന്‍റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. 

ശബരിമല വിമാനത്താവളം: കണ്‍സള്‍ട്ടന്‍റിനെ നിയമിച്ചു
ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്‍റെ സാങ്കേതിക-സാമ്പത്തിക സാധ്യതാപഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെ നിയോഗിക്കാന്‍ തീരൂമാനിച്ചു. ഒമ്പതു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.  ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍നിന്നും ഏജന്‍സികളില്‍നിന്നുമുളള അനുമതി ലഭിക്കാനുളള നടപടിക്രമങ്ങള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാനുളള ചുമതല കണ്‍സള്‍ട്ടന്‍റിനായിരിക്കും.

കൃഷിവകുപ്പിനു കീഴിലെ ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിലെ സ്റ്റാഫ്, ഓഫീസര്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പില്‍ 2014 ജൂലൈ 1-ന് സര്‍വീസിലുണ്ടായിരുന്ന എണ്‍പത് എസ്.എല്‍.ആര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.കയര്‍മേഖലയുടെ ആധുനികവല്‍ക്കരണത്തിനും വികസനത്തിനും നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനില്‍ നിന്ന് 200 കോടി രൂപയുടെ സഹായം ലഭിക്കുന്നതിനുളള പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. അന്തരിച്ച എം. കുഞ്ഞുകൃഷ്ണന്‍ നാടാരുടെ പ്രതിമ നിര്‍മ്മിക്കാന്‍ ചെലവായ പത്തുലക്ഷം രൂപ ശില്പി കാനായി കുഞ്ഞിരാമന് നല്‍കുന്നതിനുളള മുന്‍ സര്‍ക്കാരിന്‍റെ തീരുമാനം സാധൂകരിച്ച് തുക അനുവദിക്കാന്‍ തീരൂമാനിച്ചു.

7 പുതിയ പോലീസ് സ്റ്റേഷനുകള്‍
2016-17 ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഏഴു പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരൂമാനിച്ചു. അച്ചന്‍കോവില്‍ (കൊല്ലം റൂറല്‍), കൈപ്പമംഗലം (തൃശ്ശൂര്‍ റൂറല്‍), കൊപ്പം (പാലക്കാട്), തൊണ്ടര്‍നാട് (വയനാട്), നഗരൂര്‍ (തിരുവനന്തപുരം റൂറല്‍), പിണറായി (കണ്ണൂര്‍), പുതൂര്‍ (പാലക്കാട്) എന്നിവിടങ്ങളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകള്‍. കെമിക്കല്‍ എക്സാമിനേഷന്‍സ് ലബോറട്ടറി വകുപ്പിന്‍റെ എറണാകുളം റീജിണല്‍ ലബോറട്ടറിയില്‍ പുതിയ ഡിസ്റ്റലറി ഡിവിഷന്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി.


 


 

Tags:    
News Summary - Tomin Thachankary eligible for DGP grade -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.