ഇടുക്കി: കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ ബസ് സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച സ്ലീപ്പർ ബസുകൾ സഞ്ചാരികൾക്ക് വാടകക്ക് നൽകുന്നത് സംബന്ധിച്ച നിരക്കും മാർഗനിർദേശങ്ങളും പുറത്തിറക്കി.
സ്ലീപ്പർ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കിൽ വൈകീട്ട് ആറുമണിമുതൽ പിറ്റേന്ന് ഉച്ചക്ക് 12വരെ വാടകക്ക് നൽകും. വാടകക്ക് തുല്യമായ തുക കരുതൽധനമായി നൽകണം. ഒഴിഞ്ഞുപോകുമ്പോൾ നാശനഷ്ടങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് ഈടാക്കിയശേഷം ബാക്കി തുക തിരികെനൽകും.
ബസ് ഉപയോഗിക്കുന്നവർക്ക് നിലവിൽ മൂന്നാർ ഡിപ്പോയിലെ ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കാനായി അനുവദിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായുള്ള ടോയ്ലറ്റുകളാണ് അനുവദിക്കുക.
ഇതിനായി ടോയ്ലറ്റുകൾ നവീകരിച്ചുകഴിഞ്ഞു. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തി വേണം അടുത്ത ഗ്രൂപ്പിന് നൽകേണ്ടത്. സ്ലീപ്പർ ബസും ടോയ്ലറ്റും വൃത്തിയാക്കുന്നതിനും താമസിക്കുന്നവർക്ക് പുറമെ നിന്നും ഭക്ഷണംവാങ്ങി കൊടുക്കുന്നതിനും ലഗേജ് വാഹനത്തിൽ എടുത്തുവെക്കുന്നതിനുംവേണ്ടി രണ്ട് ജീവനക്കാരെ നിയമിക്കും.
കെ.എസ്.ആർ.ടി.സിയുടെ mnr@kerala.gov.in മെയിൽ ഐ.ഡി വഴിയും 9447813851, 04865230201 ഫോൺ നമ്പർ വഴിയും ബുക്ക് ചെയ്യാം. ഇത് കൂടാതെ ബുക്കിങ് ഏജൻറുമാരെ 10 ശതമാനം കമീഷൻ വ്യവസ്ഥയിൽ അനുവദിക്കും. സ്ലീപ്പർ ഉപയോഗിക്കുന്ന അതിഥികൾക്ക് ഭക്ഷണം നൽകുന്നതിനായി അടുത്തുള്ള ഹോട്ടലുമായി ധാരണയുണ്ടാക്കാനും നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.