കോഴിക്കോട്: ഒരു വ്യാഴവട്ടത്തിനുശേഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഓർക്കാപ്പുറത്ത് വന്ന കോടതി വിധി തെരഞ്ഞെടുപ്പിൽ വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ സി.പി.എമ്മിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കും. പൊതുമധ്യത്തിൽ പാർട്ടി ഒറ്റപ്പെട്ടുപോയ ടി.പി വധത്തിൽനിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും കോടതി വിധിയിലൂടെയുള്ള അപ്രതീക്ഷിത തിരിച്ചടി.
ആർ.എം.പി.ഐക്ക് ഏറ്റവും കൂടുതൽ ശക്തിയുള്ള പ്രദേശം, ടി.പിയുടെ തട്ടകം എന്നീ നിലകളിൽ വടകര മണ്ഡലത്തിൽ ഇപ്പോഴത്തെ കോടതി വിധി വലിയ ചർച്ചയാകും.
ഇതിന്റെ അലയൊലികൾ കോഴിക്കോട് സീറ്റിലും ഉറപ്പാണ്. വെറുതെവിട്ട നേതാക്കളെ ശിക്ഷിക്കുകകൂടി ചെയ്യുന്നതോടെ ടി.പി വധത്തിൽ സി.പി.എം പഴയപോലെതന്നെ പ്രതിരോധത്തിലാവും. ടി.പി വധക്കേസിൽ തടവിലുള്ളവരുടെ ശിക്ഷ ശരിവെച്ചും വെറുതെവിട്ട രണ്ടു സി.പി.എം നേതാക്കളെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്ത ഹൈകോടതി വിധി തെരഞ്ഞെടുപ്പ് പോർക്കളത്തിൽ സ്വാഭാവികമായും ചർച്ചയാകുമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു. സി.പി.എം കൊലപാതക രാഷ്ട്രീയത്തിന്റെ ആളുകളാണെന്നാണ് വിധിയിലൂടെ കോടതി ചൂണ്ടിക്കാട്ടിയത്. വധത്തിൽ യു.ഡി.എഫും ആർ.എം.പി.ഐയും നേരത്തേ പറയുന്ന കാര്യങ്ങൾ ശരിവെക്കുന്നതാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.പിയുടെ വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു സി.പി.എം ആദ്യംമുതലേ പറഞ്ഞത്. എന്നാൽ, നേരിട്ട് കൊലയിൽ പങ്കെടുത്ത ക്വട്ടേഷൻ സംഘം ഓരോരുത്തരായി അറസ്റ്റിലായതിനു പിന്നാലെ സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തൻ, കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രൻ, കുന്നോത്തുപറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറി വടക്കയിൽ മനോജൻ എന്നിവരെല്ലാം അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. അറസ്റ്റിലായവരിൽ പാർട്ടിയുടെ ഉയർന്ന നേതാവ് അന്നത്തെ ജില്ല സെക്രട്ടേറിയറ്റ് അംഗവും നിലവിലെ ജില്ല സെക്രട്ടറിയുമായ പി. മോഹനനാണ്. അന്ന് ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കൂടിയായ മുൻ വടകര ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. കൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബു എന്നിവരെയാണ് മേൽകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലയിൽ പാർട്ടിക്കുള്ള പങ്കാണ് മറനീക്കി പുറത്തുവരുന്നത് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
പി. മോഹനനെ വിചാരണ കോടതി കുറ്റമുക്തനാക്കിയ നടപടി ഹൈകോടതി ശരിവെച്ചിട്ടും വിധി സംബന്ധിച്ച് മോഹനനോ സി.പി.എം ജില്ല കമ്മിറ്റിയോ പ്രതികരിക്കാൻ തയാറായിട്ടില്ല. വിധി പൂർണമായും കണ്ടശേഷം പ്രതികരിക്കാമെന്നാണ് മോഹനൻ മാധ്യമങ്ങളോട് പറഞ്ഞത്. മുഴുവൻ പ്രതികളോടും ഫെബ്രുവരി 26ന് ഹാജരാകണമെന്ന് നിർദേശിച്ച കോടതി ഒമ്പത് പ്രതികളുടെ ‘നേച്ചർ ഓഫ് വർക്’ സംബന്ധിച്ച റിപ്പോർട്ട് കണ്ണൂർ, തൃശൂർ, തവനൂർ ജയിൽ അധികൃതരിൽനിന്ന് തേടിയതിനെയും പാർട്ടി ഗൗരവത്തിലാണ് കാണുന്നത്. ജയിലധികൃതരുടെ റിപ്പോർട്ടിൽ പ്രതികൾക്ക് തുടരെ ലഭിച്ച പരോളടക്കം ചൂണ്ടിക്കാട്ടുന്നതോടെ, ടി.പി പ്രതികൾക്ക് അനധികൃതമായി പരോൾ ലഭിച്ചുവെന്ന വിമർശനമടക്കം കോടതി പരിശോധിക്കാനും പ്രതികരണമുണ്ടാവാനും സാധ്യതയേറെയാണ്.
കേസിൽ സർക്കാറിനെതിരെ കോടതി പരാമർശമുണ്ടായാൽ അതും കനത്ത ആഘാതമാകും. വടകര ലോക്സഭ സീറ്റിലെ ജയം സി.പി.എമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. ടി.പി കൊല്ലപ്പെട്ടതിനുപിന്നാലെ നഷ്ടമായ വടകര സീറ്റ് ഇത്തവണ എങ്ങനെയും ജയിക്കാൻ, മറ്റു രാഷ്ട്രീയ അനുഭാവികൾകൂടി അംഗീകരിക്കുന്ന മുൻമന്ത്രി കെ.കെ. ശൈലജയെ രംഗത്തിറക്കാനുള്ള ഒരുക്കമാണ് പാർട്ടി നടത്തുന്നത്. അതിനിടെയാണ് ആളുകൾ മറന്നുതുടങ്ങിയ ടി.പി വധം വീണ്ടും ‘തിരിച്ചെത്തിയത്’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.