തിരുവനന്തപുരം: കെ-സ്മാർട്ടിലെ നിബന്ധനകൾ കാരണം യഥാസമയം ലൈസൻസ് പുതുക്കാൻ കഴിയാത്ത വ്യാപാരികൾക്ക് ആശ്വാസമായി സർക്കാർ ഉത്തരവ്. പിഴയില്ലാതെ ലൈസൻസ് പുതുക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി തദ്ദേശ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തേ ജൂൺ 30 വരെയായിരുന്നു സമയപരിധി. തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പാക്കിയ കെ-സ്മാർട്ടിലെ നിബന്ധനകൾ വ്യാപരികളുടെ ലൈസൻസ് പുതുക്കലിന് തിരിച്ചടിയായിരുന്നു.
കെട്ടിട നികുതി അടച്ച രസീത് ഉൾപ്പെടെ അപ്ലോഡ് ചെയ്യണമെന്ന നിബന്ധകൾ ചെറുകിട വ്യാപാരികൾക്ക് ഊരാക്കുടുക്കായി. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ വ്യാപാരികളാണ് വലഞ്ഞത്. പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന് മന്ത്രി എം.ബി. രാജേഷ് ഉറപ്പുനൽകിയെങ്കിലും നടപടിക്രമങ്ങളിൽ ഇളവ് വരുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലണ് ലൈസൻസ് പുതുക്കലിനുള്ള തീയതി നീട്ടിയത്. എന്നാൽ, ലൈസൻസ് പുതുക്കലിന് കെ-സ്മാർട്ടിൽ കൊണ്ടുവന്ന നിബന്ധനകൾ ലഘൂകരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ല.
ലൈസൻസ് പുതുക്കലിന് അപേക്ഷയോടൊപ്പം സത്യവാങ്മൂലം ഒപ്പിട്ട് നൽകണം, സെപ്റ്റംബർ വരെയുള്ള കെട്ടിടനികുതി അടച്ച രസീത് അപ്ലോഡ് ചെയ്യണം, മാലിന്യം നിക്ഷേപിക്കാൻ ജൈവം-അജൈവം-അപകടകരമായ മാലിന്യം എന്നിങ്ങനെ ബിന്നുകൾ സ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളാണ് വ്യാപാരികളെ വലച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.