കോട്ടയം: മൂന്നുമാസത്തിനിടെ ഭക്ഷ്യവസ്തുക്കളുടെ വില രണ്ടിരട്ടിയായി. വെളിച്ചെണ്ണ, സവാള, തേങ്ങ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഉപഭോക്താക്കളെയും ഹോട്ടലുടമളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. ചായ കുടിച്ച് ഒരുദിവസം തുടങ്ങുന്ന മലയാളിക്ക് പാലിന്റെ വില വർധനവ് വില്ലനായി. 12 രൂപയാണ് ഒരു ചായക്ക്. 10 രൂപയായിരുന്ന പൊറോട്ടയും 12 ആയി, ചായക്കടികൾക്കും വില വർധിച്ചിട്ടുണ്ട്. മുമ്പ് 100 രൂപ ഒരുദിവസം ഭക്ഷണം കഴിക്കാൻ മാറ്റിവെച്ചിരുന്നപ്പോൾ ഇന്നത് 250ലേക്ക് എത്തിയിട്ടുണ്ട്.
വിലക്കയറ്റം പലരെയും ഇഷ്ടഭക്ഷണങ്ങളിൽനിന്നും പിന്നോട്ട് വലിക്കുകയാണ്. പഞ്ചസാര, മൈദ, അരി ഉൾപ്പെടെയുള്ളവയുടെ വില ഉയർന്നു നിൽക്കുകയാണ്. പാമോയിലിന് 150 രൂപയും വെളിച്ചെണ്ണക്ക് 250 രൂപയും കൊടുക്കണം. 75 രൂപയാണ് തേങ്ങക്ക് വില, ഏത്തപ്പഴത്തിന് 85 രൂപയും പച്ചക്കായ്ക്ക് 72 രൂപയുമായി.
അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വില വർധന തീൻമേശകളിൽനിന്നും ഭക്ഷണങ്ങളെ പിൻവലിക്കാൻ കാരണമായി. 50 രൂപക്ക് ലഭിച്ചിരുന്ന ഊണിന് ഇപ്പോൾ 70 രൂപ നൽകണം. ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് മിക്കയിടങ്ങളിലും 25 രൂപയായി. ചായ മുതൽ ഊണ് വരെയുള്ള പ്രധാന ഭക്ഷണവിഭവങ്ങളുടെയും എണ്ണപ്പലഹാരങ്ങളുടെയും വില വർധന സാധാരണക്കാരെ വലക്കുകയാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില വർധന, പാചകവാതക വിലയുടെ കുതിപ്പ്, കെട്ടിട വാടക, തൊഴിലാളികളുടെ കൂലി, വൈദ്യുതി നിരക്ക് വർധന എന്നിവയാണ് പ്രധാനമായും ഹോട്ടൽ വ്യവസായ മേഖലയിലെ പ്രതിസന്ധിയുടെ മൂലകാരണം. ഇതോടെ പല ചെറുകിട ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
വിലസ്ഥിരതയില്ലാത്തതും മേഖലയുടെ പ്രതിസന്ധിക്ക് പ്രധാന കാരണമാണ്. ഭക്ഷണപദാർഥങ്ങൾക്ക് പല ഹോട്ടലുകളിലും പല നിരക്കാണ് ഈടാക്കുന്നത്. ഇത് ചെറുകിട ഹോട്ടലുകളെ സാരമായി ബാധിക്കുന്നുണ്ട്. ഏതെങ്കിലും ഒരു സാധനത്തിന് വില കുറയുമ്പോൾ മറ്റ് സാധനങ്ങൾക്ക് വില കുത്തനെ ഉയരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഇറച്ചി, മത്സ്യവിഭവങ്ങൾക്കുൾപ്പെടെ നിത്യേന വിലയിലുണ്ടാകുന്ന മാറ്റം ഭക്ഷണപദാർഥങ്ങളുടെ വിലയിലും മാറ്റം വരുത്തുന്നുണ്ട്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന് കീഴിൽ 1500ലധികം ഹോട്ടലുകളാണുള്ളത്. എന്നാൽ, ഇതിൽ ഭൂരിഭാഗവും സാമ്പത്തിക പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യത്തിൽ ഇതിലെ 80 ശതമാനത്തോളവും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
ഹോട്ടലുകളിൽ ഉപയോഗിക്കുന്ന നിത്യാപയോഗ സാധനങ്ങളായ ഉള്ളി, സവാള, വെളുത്തുള്ളി, പയർ, പരിപ്പ്, പാമോയിൽ, വെളിച്ചെണ്ണ, അരി, ഇറച്ചി, മീൻ, പഞ്ചസാര തുടങ്ങിയവയുടെ വില അടിക്കടി ഉയരുന്നത് പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നു. വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന പാചകവാതകത്തിന് 200 രൂപ വർധിച്ച് 1880 ആയി.
വൻകിട ഹോട്ടലുകളിൽ പലതും സ്വന്തം നിലക്ക് നിരക്ക് വർധിപ്പിക്കുമ്പോൾ ചെറുകിട ഭക്ഷണ വ്യാപാരസ്ഥാപനങ്ങൾ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണ്. ഒപ്പം കൂണുപോലെ മുളക്കുന്ന വഴിയോര ഭക്ഷ്യശാലകളും ഇവർക്ക് വെല്ലുവിളിയാണ്. അനധികൃതമായി നിരവധി തട്ടുകടകളും ജില്ലയുടെ പലഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
ഇവർ തോന്നിയപടിയാണ് വില ഈടാക്കുന്നത്. തങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ വില വർധനയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഹോട്ടലുടമകളുടെ വാദം.
ഹോട്ടൽ വ്യവസായത്തിൽ തൊഴിലാളികൾ മുഖ്യഘടകമാണ്. പലരുചികൾ തേടിയെത്തുന്ന ഉപഭോക്താവിനെ ആകർഷിക്കാൻ പലതരം ഭക്ഷണവിഭവങ്ങൾ ഒരുക്കേണ്ടത് മേഖലയിലെ നിലനിൽപിന്റെ പ്രശ്നമായി. ഇതോടെ അന്തർസംസ്ഥാന തൊഴിലാളികൾ മേഖലയിൽ വർധിച്ചു. അറേബ്യ, ചൈനീസ്, യൂറോപ്യൻ വിഭവങ്ങളാണ് ഹോട്ടലുകൾ തേടിയെത്തുന്നവർ ആവശ്യപ്പെടുന്നത്. ഇവക്കാവശ്യമായ സാമഗ്രികൾക്കൊപ്പം പാചകത്തൊഴിലാളികളുടെയും ഡിമാൻഡ് ഏറി.
പാചകക്കാരന് ഭക്ഷണവും ചെലവും കഴിച്ച് 1000 രൂപ മുതൽ 3000 വരെയാണ് ദിവസക്കൂലി. ക്ലീനിങ്ങിനായി 500 മുതൽ 1000 വരെയും ചായക്കാരന് 600 രൂപ മുതൽ നൽകണം. മലയാളി തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിൽ അന്തർസംസ്ഥാന തൊഴിലാളികളെ കൂടുതൽ ശമ്പളം കൊടുത്ത് ജോലിക്ക് നിർത്തേണ്ട സാഹചര്യമാണ് പലർക്കും. നിലനിൽപിന്റെ ഭാഗമായി പല ഹോട്ടലുകളും മത്സരിച്ചാണ് തങ്ങളുടെ കച്ചവടം ഭദ്രമാക്കുന്നത്. വിലക്കയറ്റത്തിനിടെ തൊഴിലാളികളുടെ ശമ്പളവും മറ്റ് നികുതികളും കെട്ടിടവാടകയും കഴിച്ച് തുച്ഛമായ ലാഭം മാത്രമാണ് ഉടമകളിൽ അവശേഷിക്കുന്നത്.
രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്കും മറ്റും അടിക്കടിയുള്ള ഭീമമായ പിരിവ് ഹോട്ടൽ ഉടമകൾക്ക് ഭാരിച്ച തലവേദന ഉയർത്തുകയാണ്. ഇവർ ആവശ്യപ്പെട്ട തുക നൽകിയില്ലെങ്കിൽ അധികൃതരെ ഉപയോഗിച്ച് ഹോട്ടലിൽ പരിശോധനയും തുടർന്ന് അടച്ചുപൂട്ടുകയും തുടങ്ങിയ പ്രതികാര നടപടികളിലേക്ക് കടക്കുന്നത് പതിവാണെന്ന് ഹോട്ടലുടമകൾ പറയുന്നു.
അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയാൽ നിശ്ചിത ദിവങ്ങൾക്ക് ശേഷം വീണ്ടും തുറക്കാൻ അധികൃതരുടെ ഓഫിസിന്റെ വാതിലിൽ പലതവണ മുട്ടേണ്ട അവസ്ഥയുണ്ട്. കൂടാതെ വിവിധ പരിപാടികളുടെ സ്പോൺസർഷിപ് ഇവരിൽ നിർബന്ധിതമായി അടിച്ചേൽപിക്കുന്ന രീതിയുമുണ്ട്. സർക്കാർ പരിപാടികൾക്കായി ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചാൽ പലപ്പോഴും പണം കൃത്യമായി ലഭിക്കാറില്ലെന്നും ഉടമകൾ പറയുന്നു.
ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റവും ആനുപാതികമായ തൊഴിലാളികളുടെ ശമ്പള വർധനയും ഹോട്ടൽ മേഖലയെ ഭീമമായ പ്രതിസന്ധിയിലാക്കുകയാണ്. ഭൂരിഭാഗം ഹോട്ടലുടമകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കൂടാതെ അടുത്തിടെ വൈദ്യുതി നിരക്ക് വർധിപ്പിച്ചതും ആഘാതം ഇരട്ടിയാക്കി. ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നൽകുന്ന മേഖലയാണിത്. എന്നാൽ, സർക്കാറിൽനിന്നും വേണ്ടത്ര സഹായമോ അനുകൂല നടപടിയോ ഉണ്ടാകുന്നില്ല.
ദിവസവും പണിയെടുക്കുന്നതിന്റെ ഒരുഭാഗം ഭക്ഷണത്തിനായി മാറ്റിവെക്കേണ്ട അവസ്ഥയിലാണ്. ജീവിക്കാൻ വേണ്ടി ജോലിചെയ്തിരുന്ന ഞങ്ങൾ ഇപ്പോൾ ഒരുനേരത്തെ ഭക്ഷണത്തിനായി അധികജോലി ചെയ്യേണ്ട അവസ്ഥയിലായി. ഭക്ഷണത്തിനും വെള്ളത്തിനും മാത്രമാണ് വർധന, സാധാരണക്കാരന്റെ വേതനം ഒരേ നിലയിൽ തുടരുകയാണ്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത് നാളേക്ക് മാറ്റിവെച്ചാണ് ജീവിതം മുന്നോട്ടുപോകുന്നത്. വീട്ടുഭക്ഷണമാണ് ആകെയുള്ള ആശ്രയം. ശമ്പളം മിച്ചംപിടിക്കാൻ ഡയറ്റ് എടുക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.