തൃശൂർ: ട്രെയിൻ കമ്പാർട്ട്മെൻറ് പ്രസവ മുറിയായി; സഹയാത്രികരുടെ കരുതലിൽ യുവതിക്ക് ട്രെയിനിൽ സുഖപ്രസവം. കർണാടക സ്വദേശിനി ലക്ഷ്മിയാണ് (34 ) എറണാകുളം -പാറ്റ്ന എക്സ്പ്രസിെൻറ ജനറൽ കമ്പാർട്ട്മെൻറിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മക്കും കുഞ്ഞിനും ചികിത്സ നൽകി സുഖമായിരിക്കുന്നു.
ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. പൂർണ ഗർഭിണിയായ ലക്ഷ്മിയുടെ കൂടെ ആരുമുണ്ടായിരുന്നില്ല. വടക്കാഞ്ചേരി എത്തിയപ്പോൾ യുവതി വേദന മൂലം കരയുന്നത് കണ്ട സഹയാത്രികർ െറയിൽവേ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് റെയിൽവേ കൺട്രോൾ റൂമിൽ വിവരം നൽകി. അതിവേഗത്തിൽ കാര്യങ്ങൾ നീക്കിയ പൊലീസും റെയിൽവേയും തൃശൂർ സ്റ്റേഷനിൽ ഡോക്ടറും നഴ്സും ആംബുലൻസും പൊലീസ് പട്രോൾ വാഹനവും അടക്കം എല്ലാ സജ്ജീകരണങ്ങളുമായി കാത്തുനിന്നു.
ട്രെയിനിൽ ഇതിനിടെ യുവതിക്ക് വേദന ഏറിയതോടെ സ്ത്രീ യാത്രക്കാർ അവസരത്തിനൊത്തുയർന്ന് മുൻകരുതലെടുത്തു. കമ്പാർട്ട്മെൻറിൽ തുണി വിരിച്ചും മറവൊരുക്കിയും അവർ ലക്ഷ്മിക്ക് കിടക്കാനുള്ള സൗകര്യമൊരുക്കി. കഷ്ടി തൃശൂരിലെത്തുന്നതിന് മുമ്പ് യുവതി ട്രെയിനിൽ പ്രസവിച്ചു. സ്റ്റേഷനിൽ ട്രെയിൻ നിന്നതോടെ കാത്തുനിന്ന ഡോക്ടറും നഴ്സും എത്തി പൊക്കിൾകൊടി മുറിച്ച് മാറ്റലും മറ്റ് പ്രാഥമിക കാര്യങ്ങളും നിർവഹിച്ചു.
തുടർന്ന് സ്ട്രെച്ചറിൽ കയറ്റി സജ്ജമായി നിന്ന ആംബുലൻസിലേക്ക് മാറ്റി പൊലീസ് വാഹനം പൈലറ്റായി ജനറൽ ആശുപത്രിയിലേക്ക് കുതിച്ചു. റെയിൽവേ പൊലീസ് എസ്.ഐ എ.അജിത് കുമാർ, പൊലീസുകാരായ എസ്. ശരണ്യ, ടി.കെ. ശ്രീജമോൾ, ടി.ബി. ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമ്മക്കും ചേച്ചിക്കുമൊപ്പം എറണാകുളം മുട്ടത്താണ് ലക്ഷ്മി താമസിക്കുന്നത്. പരേതനായ സുബ്രഹ്മണ്യനാണ് ഭർത്താവ്. യുവതിയുടെ നാലാമത്തെ പ്രസവമാണിത്. ഈ കുഞ്ഞിനെ കൂടാതെ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.