തിരുവനന്തപുരം: ഞായറാഴ്ച കൂട്ടത്തോടെയുള്ള സർവിസ് റദ്ദാക്കലിൽ വലഞ്ഞ് ട്രെയിൻ യാത്രക്കാർ. പാതിവഴിക്ക് യാത്ര അവസാനിപ്പിക്കലും വഴിതിരിച്ചുവിടലും വൈകി യാത്ര തുടങ്ങലുമടക്കം നിയന്ത്രണങ്ങൾ കടുത്തതോടെ ഞായറാഴ്ചയിലേത് ദുരിതയാത്രയായി. തൃശൂർ യാർഡിലും ആലുവ-അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര-ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെ ജോലികൾ നടക്കുന്നതിനാലാണ് സർവിസുകൾ റദ്ദാക്കിയതെന്നാണ് റെയിൽവേയുടെ വിശദീകരണം.
കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്സ്പ്രസ്, കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ്, തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് എന്നിവയുടെ റദ്ദാക്കൽ റെയിൽവേ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് കോട്ടയം-കൊല്ലം പാതയിലെ മെമുകളടക്കം യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകളും ഞായറാഴ്ച ഓടില്ലെന്ന അറിയിപ്പ് വന്നത്. അവധിദിനത്തിൽ യാത്ര ആസൂത്രണം ചെയ്തവരടക്കം ഇതോടെ വെട്ടിലായി. അടുത്ത പ്രവൃത്തിദിനത്തിൽ ഓഫിസുകളിലെത്താനുള്ള ഞായറാഴ്ചയിലെ മടക്കയാത്രക്കാരും പ്രതിസന്ധിയിലായി.
പൂർണമായ റദ്ദാക്കൽ മാത്രമല്ല, ഭാഗിക റദ്ദാക്കലുകളും ചെറുതല്ലാത്ത ബുദ്ധിമുട്ടാണ് യാത്രക്കാർക്കുണ്ടാക്കിയത്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് എറണാകുളത്തും പാലക്കാട്-എറണാകുളം മെമു ചാലക്കുടിയിലും ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്തും സർവിസ് അവസാനിപ്പിച്ചു. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്നും എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് തൃശൂരില്‍നിന്നും പാലക്കാട്-എറണാകുളം മെമു ചാലക്കുടിയില്നിന്നുമാണ് യാത്ര തുടങ്ങിയത്.
തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി, കേരള എക്സ്പ്രസ് (12625), കന്യാകുമാരി-ബംഗളൂരു (16525), കണ്ണൂര്‍ ജനശതാബ്ദി (12082), തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ മെയില്‍ (12624 ), നാഗര്‍കോവില്‍- ഷാലിമാര്‍ (12659), തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (12696), തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് (16304) , പുനലൂര്‍-ഗുരുവായൂര്‍ (16327) എന്നിവ ആലപ്പുഴ തിരിച്ചുവിട്ടതും യാത്രക്കാർക്ക് ഇരുട്ടടിയായി. ട്രെയിൻ റദ്ദാക്കൽ അറിയാതെ എത്തിയ നൂറുകണക്കിനുപേർ സ്റ്റേഷനുകളിൽ കുടുങ്ങി. ദീർഘദൂര യാത്രക്ക് കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളെ ആശ്രയിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കെ.എസ്.ആർ.ടി.സിയിലാകട്ടെ റിസർവേഷൻ സീറ്റുകൾ നേരത്തെ തന്നെ നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.