കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയിൽ ജീവനക്കാരുടെയും ഔദ്യോഗിക യാത്രകളിലെ ബില്ലുകൾ ഉൾപ്പെടെ അനുബന്ധ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ യാത്രാപ്പടിയും (യാത്രാ ചെലവ്) മറ്റും അനുവദിക്കുന്നത് വിലക്കി. വ്യാപക ക്രമക്കേടുകൾ ഉയർന്ന പശ്ചാത്തലത്തിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി സമർപ്പിച്ച ശിപാർശയെ തുടർന്നാണ് യാത്രബത്ത, സ്റ്റോർ കലക്ഷൻ തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകൾ കർശനമാക്കിയത്.
ബന്ധപ്പെട്ടയാൾ ടൂർ നോട്ടുകൾ സമർപ്പിക്കുമ്പോൾ കൃത്യമായ യാത്രാരേഖകളും അനുമതി പത്രവും ഹാജരാക്കിയെന്ന് കൺട്രോളിങ് ഓഫിസർ ഉറപ്പാക്കണം, കൃത്യമായ യാത്രാരേഖകൾ സമർപ്പിക്കാത്ത അപേക്ഷകൾ നിരസിക്കണം, അപാകതകളുള്ള ടൂർ നോട്ടുകളിൽ മോലൊപ്പ് വെക്കരുത്, ചട്ടങ്ങൾ കൃത്യമായി പരിശോധിച്ചു മാത്രമേ യാത്രാപ്പടി അനുവദിക്കാവൂ എന്നീ കാര്യങ്ങളാണ് ഇതുസംബന്ധിച്ച് പൊലീസിലെ ധനകാര്യ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
പൊലീസ് വാഹനങ്ങൾ ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പൊലീസ്, മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥർ ഔദ്യോഗിക ആവശ്യത്തിനായി വകുപ്പിന്റെ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വാഹന ഡയറിയിൽ അവർതന്നെ ഒപ്പുവെക്കണം. സ്റ്റോർ കലക്ഷനോ പർച്ചേസിനോ ആയി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സംബന്ധിച്ച അറിയിപ്പ് അതാത് വിഭാഗങ്ങളിലെ മേലുദ്യോഗസ്ഥർ നൽകണമെന്നും ജില്ല പൊലീസ് മേധാവികളോട് നിർദേശിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥൻ ഓരോ മാസവും നടത്തുന്ന യാത്രകളുടെ ടൂർ നോട്ട് അടുത്തമാസം തന്നെ സമർപ്പിക്കണം. ഒരേ മാസം വ്യത്യസ്ത ടൂർ നോട്ടുകൾ സമർപ്പിക്കുന്ന രീതി പാടില്ല. സ്പെഷൽ യൂനിറ്റുകൾക്ക് ഫണ്ട് ലഭ്യമായില്ലെങ്കിലും ടി.എ ബില്ലുകൾ പരിശോധിച്ച് അപാകതകൾ ആദ്യമേ പരിഹരിക്കണമെന്ന വിജിലൻസിന്റെ ശിപാർയും നടപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.