ആദിവാസിഭൂമിതട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വയനാട്ടിലെ ആദിവാസി ഭൂമി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായി. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കോഴിക്കോട് ഉത്തരമേഖല പൊലീസ് സൂപ്രണ്ടിനാണ് അന്വേഷണച്ചുമതല. ‘ആശിക്കും ഭൂമി ആദിവാസികള്‍ക്ക്’, ‘അരിവാള്‍രോഗികളുടെ പുനരധിവാസം’ തുടങ്ങിയ പദ്ധതികള്‍ക്കാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പണം നല്‍കി ഭൂമിവാങ്ങിയത്. കുടുംബത്തിന് 25 മുതല്‍ ഒരേക്കര്‍ ഭൂമി വാങ്ങുന്നതിന് 10 ലക്ഷമാണ് സര്‍ക്കാര്‍ അനുവദിച്ചത്.

പദ്ധതിയുടെ ഭാഗമായി വാസയോഗ്യമല്ലാത്ത ഭൂമി കുറഞ്ഞവിലയ്ക്ക് വാങ്ങി ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. അതോടൊപ്പം ഭൂരഹിതരായ ആദിവാസികളുടെ പട്ടിക തയാറാക്കുന്നതിലും ഗുരുതര അട്ടിമറി നടന്നെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. സ്വന്തമായി ഭൂമിയുള്ളവരും സര്‍ക്കാര്‍ജീവനക്കാരും ഒരേ കുടുംബത്തിലുള്ളവരും പട്ടികയില്‍ കടന്നുകൂടി. മുന്‍മന്ത്രി പി.കെ. ജയലക്ഷ്മിയുടെ സമുദായമായ കുറിച്യരാണ് പട്ടികയില്‍ 90 ശതമാനവും.

വയനാട്ടിലെ ആദിവാസി ജനസംഖ്യയില്‍ മുന്നിലുള്ള പണിയര്‍, സാമ്പത്തിക-സാമൂഹികാവസ്ഥയില്‍ പിന്നാക്കംനില്‍ക്കുന്ന അടിയര്‍, പ്രാകൃതഗോത്രവിഭാഗത്തില്‍ ഉള്‍പ്പെട്ട കാട്ടുനായ്ക്കര്‍ തുടങ്ങിയവരെയും അവഗണിച്ചു. വാസയോഗ്യമല്ലാത്ത ഭൂമി കൈമാറ്റംനടത്തുന്നതില്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും പങ്കുണ്ടായിരുന്നതായി പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ പരാതി വസ്തുതാപരമാണെന്ന് ബോധ്യമായതിനാലാണ് വിജിലന്‍സ്അന്വേഷണത്തിന് ഉത്തരവായത്.

Tags:    
News Summary - tribal land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.