മൂവാറ്റുപുഴ: മകളുടെ ഉപദ്രവംമൂലം വീട് വിട്ടിറങ്ങേണ്ടിവന്ന അമ്മക്ക് സ്വന്തം വീട്ടിൽ താമസവും സംരക്ഷണവും ഉറപ്പാക്കി മെയ്ൻറനൻസ് ട്രൈബ്യൂണൽ ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം മൂവാറ്റുപുഴ മെയ്ൻറനൻസ് ട്രൈബ്യൂണലിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഉത്തരവ്. കുന്നത്തുനാട് താലൂക്കുതല അദാലത്തിലാണ് പട്ടിമറ്റം വില്ലേജിലെ പരാതിക്കാരിയുടെ അപേക്ഷ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പരിഗണിച്ചത്.
സ്വന്തമായി മറ്റൊരു വീടുള്ള മകൾ അമ്മയുടെ വീട്ടിലാണ് താമസം. ഉത്തരവ് ദിവസം വൈകീട്ട് അഞ്ചിന് മുമ്പ് അമ്മയുടെ വീട്ടിൽനിന്ന് മകളോട് മാറി താമസിക്കാനാണ് വിധിച്ചത്. ഉത്തരവ് പ്രകാരം കുന്നത്തുനാട് പൊലീസിെൻറ സാന്നിധ്യത്തിൽ വീടിെൻറ വാതിൽ തുറന്ന് കൊടുത്ത് അമ്മക്ക് സ്വന്തം വീട്ടിൽ താമസത്തിന് സൗകര്യമൊരുക്കി.
താലൂക്കിലെ 50 പരാതി പരിഗണിച്ചതിൽ 34 എണ്ണം പരിഹരിച്ചു. സ്വന്തം പേരിൽ വീടും വസ്തുവുമുള്ള 89 വയസ്സായ അമ്മക്ക് വിദേശത്ത് ജോലിയുള്ള മക്കൾ സംരക്ഷണം നൽകുന്നില്ലെന്ന പരാതി പരിഗണിച്ചു. അമ്മയുടെ വീടും വസ്തുവും പരാതിക്കാരിക്ക് അക്കൗണ്ടുള്ള ബാങ്കിനെ ഏൽപിച്ച് റിവേഴ്സ് മോർട്ട്ഗേജ് വഴി ജീവിതച്ചെലവിനുള്ള തുക ലഭ്യമാക്കണമെന്നാണ് ഉത്തരവ്.
സാമൂഹികനീതി വകുപ്പിെൻറയും മൂവാറ്റുപുഴ മെയ്ൻറനൻസ് ട്രൈബ്യൂണലിെൻറയും നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ മൂവാറ്റുപുഴ ആർ.ഡി.ഒ പി .എൻ. അനി, സെക്ഷൻ ക്ലർക്ക് കെ.ആർ. ബിബീഷ്, ടെക്നിക്കൽ അസിസ്റ്റൻറ് എസ്. അനു, പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സോഷ്യൽവർക്ക് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.