പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫി തിരിച്ചുവാങ്ങാൻ തീരുമാനം. എ ബാച്ചിൽ ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് തിരിച്ചുവാങ്ങുക. ഇവരെ കൂടാതെ പുന്നന്തോട്ടം പള്ളിയോടത്തിന് രണ്ടുവർഷ വിലക്കേർപ്പെടുത്താനും പള്ളിയോടം സേവ സംഘം തീരുമാനിച്ചു.
എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ ഒന്നാം സ്ഥാനം പുന്നന്തോട്ടത്തിനായിരുന്നു. ഈ വള്ളങ്ങൾ പുറത്തുനിന്ന് കൂലിക്ക് ആളെ കയറ്റി തുഴയിച്ചതിനാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിന്റെ തീരുമാനം ഞായറാഴ്ച ചേർന്ന പൊതുയോഗവും അംഗീകരിക്കുകയായിരുന്നു. പള്ളിയോടം സേവ സംഘം എക്സിക്യൂട്ടിവ് അംഗം ശരത് പുന്നന്തോട്ടത്തെയും ട്രഷറർ സഞ്ജീവ് കുമാറിനെയും രണ്ടുവർഷത്തേക്ക് വിലക്കാനും യോഗം തീരുമാനിച്ചു.
രണ്ടുവർഷത്തേക്ക് ഉത്രട്ടാതി ജലോത്സവത്തിലും മറ്റു ജലോത്സവങ്ങളിലും പങ്കെടുക്കുന്നതിൽ ഈ വള്ളങ്ങൾക്ക് വിലക്കുണ്ട്. അടുത്ത രണ്ടുവർഷം വിലക്ക് ഏർപ്പെടുത്തിയ പള്ളിയോടങ്ങൾ വള്ളസദ്യ ബുക്കിങ് എടുക്കരുതെന്നും നിർദേശമുണ്ട്. രണ്ടുവർഷത്തേക്കുള്ള ഗ്രാന്റും നഷ്ടമാകും. ഈ പള്ളിയോടങ്ങളിലെ ക്യാപ്റ്റൻമാരെ മൂന്ന് വർഷത്തേക്ക് പള്ളിയോട സേവ സംഘവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വരുന്നതിൽനിന്നും അയോഗ്യരാക്കി.
ഈ മൂന്ന് പള്ളിയോട കരകളിൽനിന്നുള്ള പ്രതിനിധികൾക്കും പൊതുയോഗത്തിൽ രൂക്ഷവിമർശനം നേരിടേണ്ടി വന്നു. ഉത്രട്ടാതി ജലോത്സവത്തിൽ മത്സരത്തിനുപരി ആചാരങ്ങളും ചട്ടങ്ങളും പാലിച്ചാണ് തുഴയേണ്ടത്. ഇതു ലംഘിച്ച പള്ളിയോടങ്ങൾക്കെതിരെ പൊതുയോഗത്തിൽ മറ്റ് പള്ളിയോടങ്ങളുടെ ഭാരവാഹികൾ ഒറ്റക്കെട്ടായി നിലപാട് എടുക്കുകയായിരുന്നു. ഒന്നാം സ്ഥാനക്കാർക്ക് മന്നം ട്രോഫിയായിരുന്നു സമ്മാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.