തിരുവനന്തപുരം: സസ്പെൻഷനിലായിരുന്ന ഓഫിസർമാർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ബോർഡ് മാനേജ്മെന്റും ആലോചിച്ച് തീരുമാനിക്കാമെന്ന് ഓഫിസർമാരും നിലപാടെടുത്തതോടെ വൈദ്യുതി ബോർഡിൽ പ്രശ്നപരിഹാരം നീളുന്നു. ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിന് നൽകിയ നോട്ടീസിൽ ഇതുവരെ മറുപടി നൽകാത്തതും ബോർഡ് മാനേജ്മെന്റിന് തിരിച്ചടിയായി.
വാഹനദുരുപയോഗത്തിന് നോട്ടീസ് നൽകിയതും അച്ചടക്ക നടപടിക്ക് വിധേയരായ നേതാക്കളെ സ്ഥലംമാറ്റിയതും ചട്ടപ്രകാരമാണെന്ന് മാനേജ്മെന്റ് വിശദീകരിക്കുമ്പോഴും അതംഗീകരിക്കാൻ അസോസിയേഷൻ തയാറല്ല. മാനേജ്മെന്റും ഓഫിസർമാരും തമ്മിലുള്ള തർക്കത്തിന് പരിഹാരം കാണാൻ സർക്കാർതലത്തിൽ കാര്യമായ ഇടപെടലും ഉണ്ടാകാത്ത സാഹചര്യമാണ്.
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ അവർ തിരികെ ജോലിയിൽ പ്രവേശിക്കുകയും നോട്ടീസിന് മറുപടി നൽകുകയും ചെയ്താൽ പ്രശ്നം അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് മാനേജ്മെന്റിന്റെ വാദം.
എന്നാൽ, മാനേജ്മെന്റിന്റെ ഏകപക്ഷീയമായ നിലപാടുകൾ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷനും മുന്നോട്ട് പോകുന്നതാണ് പ്രശ്നപരിഹാരം സങ്കീർണമാക്കുന്നത്. കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രസ്താവന നടത്തുന്നതല്ലാതെ ക്രിയാത്മക ഇടപെടലുകൾ നടക്കുന്നില്ല.
അഭിഭാഷകരുമായി കാര്യങ്ങൾ ആലോചിച്ച് മാത്രമേ നോട്ടീസിന് മറുപടി നൽകുകയുള്ളൂവെന്നും തിരക്കിട്ട് ജോലിയിൽ പ്രവേശിക്കാനില്ലെന്നുമാണ് അസോസിയേഷൻ നേതാക്കളുടെ വിശദീകരണം.
ബോർഡിന്റെ വാഹനം അനധികൃതമായി ഉപയോഗിച്ചതിന് 6.72 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിന് ലഭിച്ച നോട്ടീസിന് മറുപടി നൽകുന്ന കാര്യവും തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.