കൽപറ്റ: വയനാട് കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ യുവാവ് വെടിയേറ്റുമരിക്കുകയും കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തിനു സമീപത്തെ പൂളകൊല്ലി കോളനിയിലെ ചന്ദ്രന് (48), ലിനീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തതാണെന്നാണ് പ്രതികള്‍ പൊലീസിന് നൽകിയ മൊഴി.
നവംബര്‍ 29നാണ് മെച്ചന ചുണ്ട്റങ്ങോട് കോളനിയിലെ ജയന് (36) വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശരുണ് വെടിയേറ്റ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജയനും ശരുണും ഉൾപ്പെടെ നാലംഗ സംഘം കാട്ടുപന്നികളെ തുരത്താൻ പോയപ്പോഴാണ് രണ്ടുപേർക്ക് വെടിയേറ്റത്. പ്രദേശത്ത് സ്ഥിരമായി നടക്കുന്ന വന്യമൃഗവേട്ടയെക്കുറിച്ചും കള്ളത്തോക്ക് നിര്‍മാണത്തെക്കുറിച്ചും പൊലീസിന് പ്രതികളിൽനിന്ന് നിര്‍ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, ആയുധ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അകലെനിന്നാണ് ജയന് വെടിയേറ്റതെന്ന് പോസ്റ്റുമോര്‍ട്ടത്തിൽ വ്യക്തമായിരുന്നു. ഇതോടെ പ്രദേശത്തെ നായാട്ടുകാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തങ്ങളുടെ വയലില്‍ കാട്ടുപന്നിയെ തുരത്താന്‍ പോയപ്പോള്‍ മറ്റാരോ വെടിവെെച്ചന്നാണ് ജയനോടൊപ്പമുണ്ടായിരുന്നവര് പൊലീസിന് മൊഴി നല്‍കിയത്.
ചന്ദ്രനും ലിനീഷും ഇടക്കിടെ മൃഗവേട്ടക്ക് പോകാറുണ്ടെന്ന് പ്രദേശവാസികളില്‍നിന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇരുവരും കുറ്റം സമ്മതിച്ചത്. വയലില്‍ അനക്കം കേട്ട് വെടിയുതിർക്കുകയായിരുന്നു. ജയെൻറ കഴുത്തിനാണ് വെടിയേറ്റത്. കരച്ചില് കേട്ടപ്പോഴാണ് വെടിയേറ്റത് മനുഷ്യർക്കാണെന്ന് മനസ്സിലായത്. ഉടൻ രക്ഷപ്പെട്ട് തോക്കും വെടിമരുന്നും ചാക്കിലാക്കി കുഴിച്ചിട്ടു. ഇതു തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനു കാണിച്ചുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.