കൊക്കയിൽ പതിച്ച്​ പൂർണമായും തകർന്ന കാർ

ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; മൂന്നു പേർക്ക് ഗുരുതര പരിക്ക്

പീരുമേട്: ദേശീയപാത 183ൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ്​ രണ്ട് സ്ത്രീകൾക്ക്​​ ദാരുണാന്ത്യം. കോട്ടയം-കുമളി റോഡിൽ കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം കടുവാപ്പാറയിൽ വ്യാഴാഴ്ച വൈകീട്ട്​ മൂന്നിനായിരുന്നു അപകടം.

തിരുവനന്തപുരം ആറ്റിങ്ങൽ പാറപ്പറമ്പിൽ ഭദ്ര (18), സിന്ധു (45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. ആദിദേവ് (21), മഞ്ജു (43), ഷിബു (45) എന്നിവരെ ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും ബന്ധുക്കളാണ്​.

വിനോദസഞ്ചാരത്തിനെത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് വാഹനം മറിഞ്ഞത്. ഹ്യുണ്ടായ്​ ഇയോൺ കാറാണ്​ അപകടത്തിൽപെട്ടത്​. പിന്നാലെയെത്തിയ സ്വകാര്യ ബസ് ജീവനക്കാരാണ് അപകടം കണ്ടത്. ഇവർ പൊലീസിനെ അറിയിച്ചു.

ബസിലുള്ളവർ ഇറങ്ങിനോക്കിയെങ്കിലും അഗാധമായ കൊക്കയിൽ പതിച്ച കാർ കാണാൻ സാധിച്ചില്ല. ഹൈവേ പൊലീസ്, പീരുമേട്ടിലെ അഗ്നിരക്ഷാസേന, പെരുവന്താനം പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരു മണിക്കൂറിനു ശേഷമാണ് കൊക്കയിൽനിന്ന് പരിക്കേറ്റവരെ റോഡിലെത്തിച്ചത്.

ആഴമേറിയ കൊക്കയിൽ രക്ഷാപ്രവർത്തനം ക്ലേശകരമായിരുന്നു. പൂർണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ഏറെ പണിപ്പെട്ടു. മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

Tags:    
News Summary - Two killed after car falls In the depths in Idukki Kuttikkanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.