തൃശൂർ: മന്ത്രിപദവിയെ ചൊല്ലി എൻ.സി.പിയിൽ രൂക്ഷമായ തർക്കം പരിഹരിക്കാനുള്ള ‘ഫോർമുല’യുമായി ശശീന്ദ്രൻപക്ഷം. എ.കെ. ശശീന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡന്റാക്കിയാൽ അദ്ദേഹം മന്ത്രിപദവി ഉപേക്ഷിക്കുമെന്നും നിലവിൽ പ്രസിഡന്റായ പി.സി. ചാക്കോക്ക് അദ്ദേഹം വഹിക്കുന്ന ദേശീയ വർക്കിങ് പ്രസിഡന്റ് പദവിയിൽ കൂടുതൽ ശ്രദ്ധിക്കാമെന്നുമാണ് ഫോർമുല. ഇതുവഴി തോമസ് കെ. തോമസിനെ മന്ത്രിസ്ഥാനത്തേക്ക് നിർദേശിക്കുകയുമാവാം. എ.കെ. ശശീന്ദ്രൻതന്നെ ഏതാണ്ട് സന്നദ്ധനായ ഈ ഫോർമുല പക്ഷേ പരിഗണിക്കാനും ചർച്ചചെയ്യാനും നേതൃത്വം തയാറാവുന്നില്ലെന്ന പരാതിയാണ് ആ വിഭാഗത്തിനുള്ളത്.
മന്ത്രിസഭയുടെ കാലാവധി കഴിയുന്നതുവരെ എ.കെ. ശശീന്ദ്രൻതന്നെ മന്ത്രിയായി തുടരുമെന്ന് ആദ്യകാലങ്ങളിൽ പറഞ്ഞ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, സമീപകാലത്ത് ശശീന്ദ്രൻ ഒഴിയണമെന്നും തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നുമുള്ള നിലപാടിലേക്ക് മാറിയതിനു പിന്നിൽ ശശീന്ദ്രൻപക്ഷത്ത് പലരും ‘ദുരൂഹത’ മണക്കുന്നുണ്ട്. പി.സി. ചാക്കോയുടെ പ്രവർത്തനരീതി പാർട്ടിയെ നിർജീവമാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണെന്ന ആക്ഷേപം ഒരു വിഭാഗത്തിനുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവിലേക്ക് ഇടക്കിടെ പാർട്ടിയിൽ ഒരു പാരമ്പര്യവുമില്ലാത്തവരെ നാമനിർദേശംചെയ്യുന്നു. സംസ്ഥാന കമ്മിറ്റി അംഗം പോലുമല്ലാത്തയാളെ സംസ്ഥാന സെക്രട്ടറിയാക്കി. പി.എസ്.സി അംഗത്വ വിവാദം ഏറെ ക്ഷീണമുണ്ടാക്കി. സംസ്ഥാന പ്രസിഡന്റിനെ എക്സിക്യൂട്ടിവ് യോഗത്തിൽ മൈക്കിലൂടെ എതിർത്ത് സംസാരിച്ചയാളെ മന്ത്രിയാക്കാൻ ഇപ്പോൾ കാണിക്കുന്ന ഉത്സാഹത്തിന് പിന്നിൽ ‘അസാധാരണമായ എന്തോ’ ഉണ്ടെന്നാണ് ശശീന്ദ്രൻപക്ഷത്തുള്ള ചിലരുടെ സംശയം.
മന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കം മൂത്താൽ പാർട്ടിക്ക് ആഘാതമേൽക്കുന്ന തീരുമാനം മുന്നണിയെ നയിക്കുന്ന സി.പി.എമ്മിൽനിന്ന് ഉണ്ടായേക്കാമെന്ന് ഭയക്കുന്നവരുണ്ട്. മന്ത്രിപദവിയിൽനിന്ന് മാറ്റിയാൽ എം.എൽ.എ സ്ഥാനവും രാജിവെക്കുമെന്ന ഭീഷണി ശശീന്ദ്രൻ യാഥാർഥ്യമാക്കുമോ എന്ന സംശയം ഒരു ഭാഗത്ത്. ശശീന്ദ്രനെ ഒഴിവാക്കി തോമസ് കെ. തോമസിനെ മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചാൽ തീർത്തും അപ്രധാനമായ വകുപ്പിലേക്ക് ഒതുക്കപ്പെട്ടേക്കാമെന്ന ഭീതി മറുഭാഗത്തും. അതിലുപരി പാർട്ടിയിൽ പാരമ്പര്യമായി പ്രവർത്തിക്കുന്നവർ ഭയക്കുന്നത്, എൻ.സി.പിയുടെ മന്ത്രിസ്ഥാനം ആർ.ജെ.ഡിക്ക് നൽകി അവരുടെ പിണക്കം മന്ത്രിസഭയുടെ അവസാനകാലത്ത് ഇല്ലാതാക്കാൻ സി.പി.എം തീരുമാനിച്ചാലോ എന്നാണ്. ഇത്തരം ഭീഷണികൾ ഒഴിവാക്കാൻ തോമസ് കെ. തോമസിന് മന്ത്രിപദവി, ശശീന്ദ്രന് പാർട്ടി പ്രസിഡന്റ് സ്ഥാനം, പി.സി. ചാക്കോക്ക് നിലവിലുള്ള ദേശീയ വർക്കിങ് പ്രസിഡന്റ് പദവി എന്ന ഫോർമുല എല്ലാവരും അംഗീകരിക്കുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധിച്ചാൽ മഹാരാഷ്ട്രയിൽനിന്ന് ചാക്കോക്ക് രാജ്യസഭയിൽ എത്താനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.