കൊട്ടിയം: കോവിഡ് രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവുൾെപ്പടെ സുഹൃത്തുക്കളായ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
തിരുവനന്തപുരം വിഴിഞ്ഞം സർക്കാർ ആശുപത്രി റോഡിൽ ഗുൽസാർ ഹൗസിൽ ഹസനാർ പിള്ളയുടെയും ഹസൻ ബീവിയുടെയും മകൻ നൗഷാദ് (40), കണ്ണൂർ മാമ്പ എക്കാൽ അഞ്ചരക്കണ്ടി ഹസീന മൻസിലിൽ മജീദ്-അഫ്സത്ത് ദമ്പതികളുടെ മകൻ അജ്മൽ (23) എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ സാജിദാണ് ഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പരിക്കേറ്റ ശക്തികുളങ്ങര സ്വദേശി സിജിത്തിെൻറ നില ഗുരുതരമല്ല. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ദേശീയപാതയിൽ ഉമയനല്ലൂർ കടമ്പാട്ടുമുക്കിലായിരുന്നു അപകടം. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട് ഗുരുതരാവസ്ഥയിലായ രോഗിയുമായി ഇത്തിക്കരയിൽനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലൻസിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് റോഡിെൻറ എതിർ ദിശയിലെ താഴ്ചയിലെത്തി നിന്നു. ആംബുലൻസിലുണ്ടായിരുന്ന രോഗി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാറിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നൗഷാദിെൻറയും അജ്മലിെൻറയും ജീവൻ രക്ഷിക്കാനായില്ല. ശക്തികുളങ്ങരയിലുള്ള കണ്ണൂർ സ്വദേശി ബഷീറിെൻറ ജനത ഏജൻസീസ് എന്ന വലക്കടയിലെ ജീവനക്കാരനായിരുന്നു അജ്മൽ. അടുത്തിടെയാണ് ഇയാൾ ഇവിടെ ജോലിക്കെത്തിയത്. വ്യാഴാഴ്ച കടയിലെത്തിയ വിഴിഞ്ഞം സ്വദേശിയായ സുഹൃത്ത് നൗഷാദിനൊടൊപ്പം രാത്രിയിൽ കടയടച്ച് നൗഷാദിെൻറ കാറിൽ കടയിലെ ജീവനക്കാരായ സാജിത്ത്, സിജിത്ത് എന്നിവരൊടൊപ്പം തിരുവനന്തപുരത്തേക്ക് പോകവെയായിരുന്നു അപകടം.
സൗദിയിലെ ദമ്മാമിൽ ബിസിനസുകാരനായ നൗഷാദ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഷീനയാണ് ഭാര്യ. ഇഷാൻ, പത്തു ദിവസം പ്രായമുള്ള ഹംദാൻ എന്നിവർ മക്കളാണ്.അജ്മലിെൻറ സഹോദരി: പരേതയായ അഫ്സീന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.