തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിൽ പ്രിസൺ ഓഫിസറുടെ കാല് ചവിട്ടിയൊടിച്ച സംഭവത്തിൽ അസി. പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ. പ്രിസൺ ഓഫിസറും അസി. ഓഫിസറും തമ്മിലെ വാക്കേറ്റമാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടലിലെത്തിയത്. പ്രിസൺ ഓഫിസർ ടി.ഡി. അശോകിന്റെ കാൽ അസി. പ്രിസൺ ഓഫിസർ കെ. രാജേഷ് ചവിട്ടിയൊടിച്ചെന്നാണ് പരാതി. കാലിൽ പ്ലാസ്റ്ററിട്ട അശോക് കുമാർ ആശുപത്രിയിലാണ്. മൂക്കിന്റെ പാലത്തിനും പരിക്കുണ്ട്.
അവധിയെ ചൊല്ലിയുള്ള തർക്കമാണ് ഉദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടാൻ കാരണമെന്നാണ് പറയുന്നത്. ഒരുമാസം മുമ്പ് എറണാകുളം ജില്ല ജയിലിൽനിന്ന് സ്ഥലം മാറിയെത്തിയതാണ് പ്രിസൺ ഓഫിസർ ടി.ഡി. അശോക് കുമാർ. വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് ഒരുമാസം മുമ്പാണ് കെ. രാജേഷിനെ ഇവിടേക്ക് നിയമിച്ചത്.
രാജേഷ് മൂന്നുദിവസം അവധി ആവശ്യപ്പെട്ടത് അനുവദിക്കാനാവില്ലെന്ന് അറിയിച്ചതോടെയാണ് തർക്കം തുടങ്ങിയത്. പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു. രാജേഷിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും കടുത്ത അച്ചടക്ക നടപടിയുണ്ടാവുമെന്നും വകുപ്പ് അധികൃതർ അറിയിച്ചു.
മാവോവാദി തടവുകാരടക്കം 180 പേരാണ് അതിസുരക്ഷ ജയിലിലുള്ളത്. 34 പേർ വേണ്ടിടത്ത് 21 പേരെ വെച്ചാണ് ജയിൽ പ്രവർത്തനം. ഇതിൽതന്നെ 10ൽ താഴെ ആളുകളാണ് പ്രതിദിനം ഡ്യൂട്ടിയിലുണ്ടാവുക. അധിക ജോലിഭാരത്താൽ വിയർക്കുകയാണ് ജീവനക്കാർ. കടുത്ത സമ്മർദമാണ് ജീവനക്കാർ നേരിടുന്നതെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.