തൃശൂര്‍: പാവറട്ടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പാവറട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീജിത്ത്, സാജന് എന്നിവരെയാണ് ഗുരുവായൂര്‍ അസി.കമീഷണർ പി. ശിവദാസിെൻറ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ജില്ല ക്രൈംബ്രാഞ്ച് എ.സി.പിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവും നടത്തും. ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകെനയാണ് ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അകാരണമായാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും ദേഹമാകെ മര്‍ദിച്ച പാടുകള്‍ ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
പെണ്‍സുഹൃത്തിനോട് സംസാരിച്ചു നിന്ന വിനായകനെ സ്റ്റേഷനില്‍ എത്തിച്ച പൊലീസുകാര്‍ മോഷണക്കുറ്റം ആരോപിച്ച് ഭീഷണിപ്പെടുത്തിയതായി ഒപ്പം കസ്റ്റഡിയിലായ സുഹൃത്ത് പറഞ്ഞിരുന്നു. മാല പൊട്ടിക്കലും ബൈക്ക് മോഷണവും പെരുകുന്ന സാഹചര്യത്തിൽ സംശയകരമായി കണ്ട വിനായകനെയും ശരത്തിനെയും ചോദ്യം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇവർ വന്ന ബൈക്കിന് രേഖയുണ്ടായിരുന്നില്ലെന്നും വീട്ടുകാരെ വിളിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ബൈക്കിെൻറ രേഖകൾ ഹാജരാക്കിയാൽ കൊണ്ടുപോകാമെന്നും അറിയിച്ചു. മരണം വിവാദമായതോടെ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചതിനെത്തുടർന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ തൃശൂർ ഐ.ജി എം.ആർ. അജിത്കുമാറിന് അന്വേഷിക്കാൻ നിർദേശം നൽകി. പ്രാഥമിക റിപ്പോർട്ട് അടിയന്തരമായി നൽകാൻ ഐ.ജി അസി.കമീഷണർക്ക് നിർദേശം നൽകി. പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്നും കസ്റ്റഡിയിലെടുക്കുമ്പോഴും ചോദ്യം ചെയ്യുമ്പോഴും പാലിക്കേണ്ട ജാഗ്രതയുണ്ടായില്ലെന്നുമാണ് അസി.കമീഷണറുെട പ്രാഥമിക റിപ്പോർട്ട്. ഇതനുസരിച്ചാണ് സസ്പെൻഷനും വകുപ്പുതല അന്വേഷണത്തിനും നടപടിയായത്.
യുവാവിെൻറ മരണത്തിൽ പ്രതിഷേധിച്ച് ഏങ്ങണ്ടിയൂർ, എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ്, പാവറട്ടി പഞ്ചായത്തുകളിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.