തിരുവമ്പാടി: കോഴിക്കോട് ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. തിരുവണ്ണൂർ മാങ്കാവ് കൃഷണ നിവാസ് മുരളി - സ്വയംപ്രഭ ദമ്പതികളുടെ മകൻ അശ്വന്ത് കൃഷ്ണ (15), കോഴിക്കോട് നെല്ലിക്കോട് ഭയങ്കാവ് ക്ഷേത്രത്തിന് സമീപം പോക്കോലത്ത് പറമ്പ് സുനിൽ കുമാർ - ഭവിത ദമ്പതികളുടെ മകൻ അഭിനവ് (13) എന്നിവരാണ് മരിച്ചത്.
കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ 14 അംഗ സംഘത്തിലുള്ളതായിരുന്നു മരിച്ച കുട്ടികൾ. കോടഞ്ചേരി നാരങ്ങാതോട് വെള്ളച്ചാട്ടം സന്ദർശിച്ച ശേഷമാണ് സംഘം അരിപ്പാറയിലെത്തിയത്. ഞാറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.
വെള്ളത്തിൽ മുങ്ങിയ വിദ്യാർഥികളെ രക്ഷിക്കാനായി ചാടിയ ബന്ധുക്കളായ മൂന്ന് പേരെ ലൈഫ് ഗാർഡുമാരായ സണ്ണി, ജിജോ വർഗീസ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരിപ്പാറയിൽ 23 വർഷത്തിനിടെ 27 പേരാണ് മുങ്ങിമരിച്ചത്.
അശ്വന്ത് കൃഷ്ണ സാവിയോ ഹയർസെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിദ്യാർഥിയായിരുന്നു. സഹോദരി: അശ്വതി. അഭിനവ് മെഡിക്കൽ കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: അഭിദേവ്. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.