ചൂരൽമല: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ തേടി ദുരന്തഭൂമിയില്‍ ജനകീയ തിരച്ചിലിൽ പങ്കെടുത്തത് രണ്ടായിരത്തോളം പേർ. എൻ.ഡി.ആര്‍എഫ്, ഫയര്‍ഫോഴ്സ്, പൊലീസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യൂ വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗണ്‍ഭാഗം, ചൂരല്‍മല സ്കൂള്‍ റോഡ് എന്നിവിടങ്ങളിലെല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്.
പുഞ്ചിരിമട്ടത്തെ തകര്‍ന്ന വീടുകള്‍ക്കരികില്‍ ആദ്യമെത്തിയ സംഘത്തോടൊപ്പം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. ഉത്തരമേഖല ഐ.ജി. കെ. സേതുരാമന് തിരച്ചില്‍ സംഘത്തിന് നേതൃത്വം നല്കി. മണ്ണുമാന്തി യന്ത്രങ്ങളും ഡോഗ് സ്ക്വാഡിനെയും തിരച്ചിലിന് ഉപയോഗിച്ചു. ദുരന്തത്തില്‍ കാണാതായ 131 പേരാണുള്ളത്. എന്‍.ഡി.ആര്.എഫ് 120, ഫയര്‍ ഫോഴ്സ് 530 അംഗങ്ങള്‍, 45 വനപാലകര്‍, എസ്.ഒ.എസിലെ 61 പേര്, ആര്‍മി എം.ഇ.ജി വിഭാഗത്തിലെ 23 അംഗങ്ങള്‍, ഐ.ആർ.ബിയിലെ 14 അംഗങ്ങള്‍, കേരള പൊലീസിലെ 780 അംഗങ്ങള്‍ റവന്യൂ വകുപ്പിന്റെ 50 അംഗങ്ങള്‍, 864 വളന്റിയര്‍മാര്‍, 61 മണ്ണുമാന്തി യന്ത്രങ്ങൾ എന്നിങ്ങനെ വിപുല സന്നാഹവുമായാണ് തിരച്ചില്‍ നടത്തിയത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.