മാള: മാളയിലെ കുഴൂരിൽ 25 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. കുഴൂർ തെക്കുംമുറി പുളിക്കൽ വീട്ടിൽ അഖിലിന്റെ ഭാര്യ സാലികയുടെ സ്വർണാഭരണങ്ങളാണ് വീട്ടിനകത്തെ അലമാരയിൽ നിന്ന് കാണാതായത്. ഇവരുടെ അയൽവാസി തടിക്കൽ വീട്ടിൽ രതിക (26), മാതാവ് രമ (50) എന്നിവരെയാണ് റൂറൽ എസ്.പി. നവനീത് ശർമയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഞായറാഴ്ച ഒരു വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ സാലിക ആഭരണങ്ങൾ മുകൾ നിലയിലെ അലമാരയിൽ വച്ചിരുന്നു.പിന്നീട് ബുധനാഴ്ച മറ്റൊരു പരിപാടിക്ക് പോകാനായി ആഭരണങ്ങൾ നോക്കിയപ്പോഴാണ് ഇവ നഷ്ടപ്പെട്ടതറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
പൊലീസ് സംഘം മഫ്തിയിൽ പരിസരവാസികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ അന്നമനടയിലെ ഒരു ജ്വല്ലറിയിൽ എത്തിയിരുന്നതായും സഹകരണ ബാങ്കിലെത്തി ലോക്കറിൽ സൂക്ഷിച്ചതായും വിവരം ലഭിച്ചിരുന്നു.
ഇവരെ ചോദ്യം ചെയ്തതോടെ കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. അയൽവാസികളെങ്കിലും ഇവർ തമ്മിൽ അത്ര ഹൃദത്തിലായിരുന്നില്ല. വ്യക്തി വൈരാഗ്യത്തിൻറെ പേരിൽ ചെയ്തുവെന്നാണ് പ്രതികളുടെ മൊഴി. മകൾ രതികയാണ് മോഷണം നടത്തിയത്. അന്നു തന്നെ ഇരുവരും സ്വർണാഭരണങ്ങളിൽ പലതും ജ്വല്ലറിയിൽ കൊണ്ടുപോയി വിറ്റ് പുതിയത് വാങ്ങി.
തിങ്കളാഴ്ച രാവിലെ അഖിലിന്റെ വീട്ടിലെ എല്ലാവരും ജോലിക്ക് പോയ തക്കം നോക്കിയാണ് യുവതി അകത്തു കയറിയത്. വീട് പൂട്ടി പുറത്തെ ബാത്റൂമിനടുത്ത ബോക്സിൽ താക്കോൽ വയ്ക്കുന്നത് ഇവർ കാണാറുണ്ട്. ഇതെടുത്ത് വാതിൽ തുറന്ന് എല്ലാ മുറികളിലും പരിശോധിച്ച് മുകളിലെത്തി അലമാര പരിശോധിക്കുന്നതിനിടെ സ്വർണാഭരണങ്ങൾ വച്ചിരുന്ന ബോക്സിന്റെ താക്കോൽ ലഭിക്കുന്നത്.
മോഷണം നടത്തിയശേഷം താക്കോൽ യഥാസ്ഥാനത്ത് വെച്ച് സ്ഥലം വിടുകയായിരുന്നു. ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. എം. ഡി. കുഞ്ഞിമോയിൻ കുട്ടി, മാള ഇൻസ്പെക്ടർ സുനിൽ പുളിയ്ക്കൽ എസ്.ഐമാരായ കെ.ശശി, കെ.കെ.ബിജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, കെ. എസ്. ഉമേഷ്, മാള പൊലീസ് സ്റ്റേഷൻ സീനിയർ സി.പി.ഒ കെ.വി. അഭിലാഷ്, പി.ഡി. നവീൻ, കെ.എസ്. സിദീജ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.