അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നം കരിപ്പൂരിൽ

കരിപ്പൂർ അപകടത്തിന് രണ്ടുവർഷം; അതിജീവനം കാത്ത് 'മലബാറിന്‍റെ കവാടം'

കാലിക്കറ്റ് വിമാനത്താവളത്തിലുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാന ദുരന്തത്തിന്‍റെ രണ്ടാം വാർഷികമാണ് ഞായറാഴ്ച. 2010ലെ മംഗലാപുരം അപകടത്തിന് സമാനമായ ദുരന്തത്തിന് രണ്ടുവർഷം പിന്നിടുമ്പോൾ വിമാനത്തിലുണ്ടായിരുന്ന യാത്രികർ അതിജീവനത്തിനായുള്ള ശ്രമത്തിലാണ്. മംഗലാപുരത്തിൽനിന്ന് വ്യത്യസ്തമായി യാത്രികർക്ക് രണ്ടുവർഷത്തിനകം നഷ്ടപരിഹാരം ലഭിച്ചു. അതേസമയം, അപകടം നടന്ന വിമാനത്താവളം പറന്നുയരാൻ ശ്രമിക്കുമ്പോഴെല്ലാം ചിറക് മുറിക്കുന്ന സമീപനമാണ് അധികൃതരിൽനിന്ന് ഉണ്ടാകുന്നത്. അപകടത്തിന്‍റെ പേരിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തളർത്തികൊണ്ടിരിക്കുകയാണ് മലബാറിന്‍റെ കവാടം എന്നറിയപ്പെടുന്ന കരിപ്പൂരിനെ...

മലപ്പുറം: 2020 ആഗസ്റ്റ് ഏഴിനുണ്ടായ ദുരന്തം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.ഐ.ബി) അഞ്ചംഗ സംഘം അപകടകാരണമായി പറഞ്ഞിരുന്നത് പൈലറ്റിന്‍റെ വീഴ്ചയാണെന്നായിരുന്നു. കരിപ്പൂരിൽനിന്ന് വലിയ വിമാന സർവിസ് പുനരാരംഭിക്കുന്നതിന് തടസ്സമാകുന്ന ഗുരുതര ആരോപണങ്ങളൊന്നും അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നില്ല. ചില നിർദേശങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ ഉന്നയിച്ചത്. ഇതിൽ തൃപ്തരാകാതിരുന്ന 'ചിലർ' ഇതോടെ പുതിയ സംഘത്തെ നിയോഗിച്ചു. തുടർന്ന് വിദഗ്ധ സമിതി എന്ന പേരിൽ ഒമ്പതംഗ സംഘത്തെയാണ് വ്യോമയാന മന്ത്രാലയം നിയോഗിച്ചത്. ഇവരുടെ റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന പലതും കരിപ്പൂരിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നത്.

പുതിയ നിയന്ത്രണങ്ങൾ

റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) നീളം കൂട്ടുന്നതിനായി വ്യോമയാന മേഖലയിൽ കേട്ടുകേൾവിയില്ലാത്ത തരത്തിൽ റൺവേ നീളം കുറക്കുക എന്നതായിരുന്നു പ്രധാന നിർദേശം. വ്യാപക പ്രതിഷേധം ഉയർന്നതോടെ ഈ തീരുമാനത്തിൽനിന്ന് പിന്നാക്കം പോയി. പകരം ഭൂമി ഏറ്റെടുത്ത് റിസ നീളം കൂട്ടാൻ അനുമതി നൽകി. അടുത്ത വർഷം ഡിസംബറിനകം പ്രവൃത്തി പൂർത്തിയായില്ലെങ്കിൽ റൺവേ നീളം കുറക്കുമെന്ന ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നാല് ഡി ആയിരുന്നു കരിപ്പൂരിന്‍റെ എയ്റോഡ്രോം ലൈസൻസ്. ഇത് നാല് സി ആയി കുറച്ചിരിക്കുകയാണ്. ഇ ശ്രേണിയിലുള്ള വലിയ വിമാനങ്ങൾ ഒന്നര പതിറ്റാണ്ട് സർവിസ് നടത്തിയ കരിപ്പൂരിൽ സി ശ്രേണിയിലുള്ള നാരോബോഡി വിമാനങ്ങൾക്കും ചെറുവിമാനങ്ങൾക്കും മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്. ടേക്ക്ഓഫ്, ലാൻഡിങ് സമയങ്ങളിൽ ഏപ്രൺ ടാക്സി ലെയ്നിൽ പുഷ്ബാക്ക് ചെയ്യുന്ന വിമാനമുണ്ടാകരുതെന്ന നിർദേശവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് കരിപ്പൂരിലേക്ക് സർവിസ് നടത്തുന്ന വിമാനകമ്പനികൾക്ക് തിരിച്ചടിയാകും. ഇത്തരം നിർദേശം മുന്നോട്ടുവെച്ചത് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നേരത്തേ, 1300 മീറ്ററായിരുന്ന റൺവേ വിസിബിലിറ്റി ഇപ്പോൾ 1600 മീറ്ററാക്കി വർധിപ്പിച്ചു. ഇതോടെ, പ്രതികൂല കാലാവസ്ഥയിൽ വിമാനങ്ങൾ തിരിച്ചുവിടുന്നത് വർധിക്കും. കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ എട്ട് വിമാനങ്ങൾ തിരിച്ചുവിടാൻ പുതിയ നിയന്ത്രണം കാരണമായിട്ടുണ്ട്.

റിസ നീളം കൂടും സെന്‍റർ ലൈൻ ലൈറ്റിങ് സംവിധാനം വരും

വലിയ വിമാന സർവിസുകൾ പുനരാരംഭിക്കണമെങ്കിൽ റിസ 240 മീറ്ററായി വർധിപ്പിക്കണമെന്നാണ് നിബന്ധന. നിലവിൽ റൺവേയുടെ ഇരുവശങ്ങളിലും 90 മീറ്റർ മാത്രമാണുള്ളത്. റിസ നീളം കൂട്ടുന്നതിനായി 14.5 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തുനൽകാമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനം മണ്ണിട്ട് നിരപ്പാക്കി നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഉടൻ സംസ്ഥാനം ഉത്തരവ് ഇറക്കും. റിസ നീളം കൂട്ടുന്നതിനോടൊപ്പം റൺവേ റീകാർപ്പറ്റിങ് പ്രവൃത്തിയും നടക്കും. ഇതിനായി അടുത്ത മാസം ടെൻഡർ വിളിക്കുമെന്നാണ് സൂചന. 50 കോടിയോളം രൂപ റീകാർപ്പറ്റിങ്ങിനായി ചെലവുവരും. വിമാനാപകട അന്വേഷണ റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്ന റൺവേ സെന്‍റർ ലൈൻ ലൈറ്റിങ് സംവിധാനം റീകാർപ്പറ്റിങ്ങിനോടൊപ്പം സ്ഥാപിക്കും. പുതിയ പ്രകാശസംവിധാനം വരുന്നതോടെ ലാൻഡിങ് കൂടുതൽ അനായാസമാകും.

നേരത്തേ, ഇന്ത്യയിൽ സിംപിൾ ടച്ച് ഡൗൺ ലൈറ്റിങ് സംവിധാനം ആദ്യമായി സ്ഥാപിച്ചത് കരിപ്പൂരായിരുന്നു. ഇതോടൊപ്പം ടച്ച് ഡൗൺ സോൺ ലൈറ്റുകൾ റൺവേയിൽ പുതിയ നവീകരണത്തിന്‍റെ ഭാഗമായി സ്ഥാപിക്കും. 2023 ഡിസംബറോടെ ഈ പ്രവൃത്തികളെല്ലാം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഇതിനുശേഷം മാത്രമേ കരിപ്പൂരിൽനിന്ന് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്ന വിഷയം കേന്ദ്ര സർക്കാർ പരിഗണിക്കുകയുള്ളൂ.

ദുരന്ത സ്മാരകമായി തകർന്ന വിമാനം

അപകടത്തിൽപെട്ട വിമാനം ഇപ്പോഴും വിമാനത്താവള വളപ്പിലാണ്. റൺവേയുടെ കിഴക്ക് ഭാഗത്തായിരുന്നു വിമാനം കൂപ്പുകുത്തിയത്. ഒരുകോടി രൂപ ചെലവിൽ പത്ത് ദിവസം എടുത്താണ് മൂന്നായി പിളർന്ന വിമാനം വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ബാരക്കിന് സമീപത്തെ കോൺക്രീറ്റ് പ്രതലത്തിലേക്കാണ് മാറ്റിയത്. എയർഇന്ത്യ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാന നിർമാണ കമ്പനിയായ ബോയിങ് പ്രതിനിധിയുടെയും സാന്നിധ്യത്തിലായിരുന്നു നടപടികൾ. ഇൻഷുറൻസ് നടപടികൾ പൂർത്തിയാകുന്നത് വരെയും അപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയും വിമാനം ഇവിടെ സൂക്ഷിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചത്.

ഇതിനുശേഷം ആക്രിയായി വിൽപന നടത്തും. ഇനി രണ്ടുപേർക്ക് കൂടി ഇൻഷുറൻസ് തുക വിതരണം ചെയ്യാനുണ്ട്.

ദുരിതം മറികടന്ന് പുതുജീവിതത്തിലേക്ക് നൗഫൽ

കരിപ്പൂർ: 76 ദിവസം നീണ്ട ആശുപത്രിവാസത്തിനിടയിൽ 15 ശസ്ത്രക്രിയകൾ. കരിപ്പൂർ അപകടം സമ്മാനിച്ച ദുരിതത്തിൽനിന്ന് പുതിയ ജീവിതത്തിലേക്കുള്ള കാൽവെപ്പിലാണ് 38കാരനായ വയനാട് ചീരാൽ സ്വദേശി നൗഫൽ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഫൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നീണ്ട ചികിത്സയിലായിരുന്നു. നട്ടെല്ലിനായിരുന്നു പൊട്ടൽ. കൈകാലുകൾക്കും മുഖത്തുമെല്ലാം പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അടുത്തദിവസം കോവിഡ് പോസിറ്റിവായി. നെഗറ്റിവാകുന്നതിന് മുമ്പ് തന്നെ നിരവധി ശസ്ത്രക്രിയകളാണ് നടന്നത്. ഇപ്പോഴും വേദനയുണ്ടെങ്കിലും അൽപ ദൂരം നടക്കാൻ സാധിക്കുന്നുണ്ടെന്ന് നൗഫൽ പറഞ്ഞു. കാർ ഓടിക്കാനാകുന്നുണ്ട്. അപകടം തീർത്ത പ്രതിസന്ധികളെയെല്ലാം മറികടന്ന് പ്രതീക്ഷയോടെ പുതിയ തുടക്കത്തിനൊരുങ്ങുകയാണ് നൗഫൽ. വിദേശത്ത് ജ്വല്ലറിയിൽ സെയിൽസ്മാനായിരുന്ന നൗഫൽ നാട്ടിൽ ജ്വല്ലറി തുടങ്ങുന്നതിനുള്ള ശ്രമത്തിലാണ്. പുതിയ സംരംഭത്തിൽ പിതാവും സഹോദരങ്ങളും ഒപ്പമുണ്ടെന്നും ചീരാലിൽ തന്നെയാണ് ജ്വല്ലറി തുടങ്ങുന്നതെന്നും നൗഫൽ പറഞ്ഞു. 

Tags:    
News Summary - Two years of Karipur plane accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.