42 കേസുകളിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന്​ ഡി.ജി.പിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: പൊതുപ്രവർത്തകരെയും ഭരണകൂട ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും കരിനിയമത്തിൽ കുടുക്കാൻ നടത്തിയ നീക്കങ്ങളിൽ വീഴ്ച പറ്റിയെന്ന് പൊലീസ്. സംസ്ഥാനത്ത് അൺലോഫുൾ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (യു.എ.പി.എ) ചുമത്തി പൊലീസ് രജിസ് റ്റര്‍ ചെയ്ത 162 കേസുകളിൽ 42 എണ്ണം നിലനിൽക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അധ്യക്ഷനായ സമിതി കണ്ടെത്തി. ചില കേസുകളിൽ അനാവശ്യമായാണ് യു.എ.പി.എ ചുമത്തിയതെന്നും അതിൽ പൊലീസ് ജാഗ്രത കാട്ടിയില്ലെന്നുമാണ് സമിതി വിലയിരുത്തിയത്. 42 കേസുകളില്‍ യു.എ.പി.എ ഒഴിവാക്കാനായി കോടതികളില്‍ അപേക്ഷ സമർപ്പിക്കാനും തീരുമാനമായി. 

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള യു.എ.പി.എ നിയമം പൊലീസ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് കേസുകൾ പുനരവലോകനം ചെയ്യാൻ പൊലീസ് തയാറായത്. മാവോവാദി ഭീഷണിയുള്ള മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്ന കേസുകളാണിവ. മാവോവാദികള്‍ക്ക് സഹായം നല്‍കിയതിനും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പതിച്ചതിനുമൊക്ക രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പകുതിയിലധികവും. ഈ കേസുകളില്‍ അറസ്റ്റ് നടന്നിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ജില്ല പൊലീസ് മേധാവിമാരോട് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകൂടി ലഭ്യമാകുന്ന മുറക്കാകും കോടതിയെ സമീപിക്കുക. 

അതേസമയം, പൊലീസ് സമർപ്പിക്കുന്ന അപേക്ഷകൾ കോടതി അംഗീകരിച്ചാൽ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകൂവെന്ന് നിയമവിദഗ്ധർ പറയുന്നു. എഴുത്തുകാരൻ കമൽ സി. ചവറക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി വിവാദമായ പശ്ചാത്തലത്തിലാണ് കേസുകളെല്ലാം പുനരവലോകനം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ജില്ല പൊലീസ് മേധാവിമാരുടെ മുൻകൂർ അനുമതി വാങ്ങാതെ സ്േറ്റഷൻ തലത്തിൽ യു.എ.പി.എ ചുമത്തരുതെന്ന കർശനനിർദേശവും മുഖ്യമന്ത്രി നൽകി. ഇതി‍െൻറ തുടർച്ചയായി നടത്തിയ പരിശോധനകളിലാണ് പൊലീസ് വീഴ്ച സമ്മതിക്കുന്നത്.

കമൽ സി. ചവറക്കെതിരായ യു.എ.പി.എ കേസ് നിലനിൽക്കില്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ, മാവോവാദി ആശയങ്ങൾ പ്രചരിപ്പിക്കുന്ന നോട്ടീസ് വിതരണം ചെയ്തെന്ന പേരിൽ പൊലീസ് കുടുക്കിയ നദീർ ഉൾപ്പെടെയുള്ളവർക്കെതിരെ യു.എ.പി.എ നിലനിൽക്കും. മതപ്രഭാഷകരായ എം.എം. അക്ബർ, ഷംസുദ്ദീൻ പാലത്ത് എന്നിവർക്കെതിരായ കേസുകളുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ പൊലീസ് മേധാവി തയാറായില്ല.

കേസുകൾ ഉന്നതരുടെ അറിവോടെയെന്ന്

 ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോ അനുവാദമോ ഇല്ലാതെ താഴെത്തട്ടിൽ കൈക്കൊണ്ട തീരുമാനങ്ങളാണ് യു.എ.പി.എ കേസുകൾക്കാധാരമെന്ന സർക്കാർ വാദം തെറ്റെന്ന് പൊലീസ് ഉദ്യോഗസ്ഥർ. വിവാദമായ കേസുകളിലൊക്കെയും നടപടിക്രമങ്ങൾക്ക് മുന്നോടിയായി ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരുടെ അനുവാദം വാങ്ങാറുണ്ട്. സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർ എല്ലാ പൊലീസ് സ്േറ്റഷനുകളിലുമുണ്ടാകും.

ഇവരുടെ കൂടി റിപ്പോർട്ട് തേടിയശേഷം മാത്രമേ യു.എ.പി.എ ചുമത്താറുള്ളൂ എന്നും ഉദ്യോഗസ്ഥർ പറയുന്നു. വിവാദങ്ങൾ ഒഴിവാക്കാനാണ് ഉന്നതരുടെ അനുമതി തേടുന്നത്. പലപ്പോഴും നിസ്സാരകേസുകളിൽ യു.എ.പി.എ ചുമത്തിയത് ഉന്നതനിർദേശത്തെ തുടർന്നാണ്.

 


 

Tags:    
News Summary - UAPA Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.