തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നൽകിയ ഉത്തരവ് പുറത്തുവന്നതോടെ പ്രതിഷേധവുമായി പ്രതിപക്ഷവും എ.ഐ.വൈ.എഫും. ജൂൺ നാലിനാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.എസ്.ഇ.ബിക്ക് എന്‍.ഒ.സി നല്‍കിയത്. സാങ്കേതിക-സാമ്പത്തിക-പാരിസ്ഥിതിക അനുമതികള്‍ ലഭിക്കാനാണ് എന്‍.ഒ.സി അനുവദിച്ചത്. ഏഴുവര്‍ഷമാണ് എന്‍.ഒ.സി കാലാവധി. പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏഴുവര്‍ഷം വേണ്ടിവരും എന്നതിനാലാണിത്.
എൻ.ഒ.സി കൊടുക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാറിനെ പ്രതിപക്ഷം അനുവദിക്കില്ല. പദ്ധതി ഒഴിവാക്കുമെന്നായിരുന്നു നിയമസഭയിൽ മന്ത്രി അറിയിച്ചിരുന്നത്. വീണ്ടും ആരംഭിക്കാനുള്ള നീക്കം ജനവഞ്ചനയാണ്. ലോകം മുഴുവൻ ഇന്ന് ഡാമുകൾ ഡീകമ്മീഷൻ ചെയ്യുന്ന കാലമാണ്.
ചാലക്കുടി പുഴയിൽ ഈ ഡാം കെട്ടുന്നതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്ന സാഹചര്യമാണ്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനെ യു.ഡി.എഫ് ശക്തമായി നേരിടും. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകും. പ്രളയങ്ങളുടെ ആഘാതത്തിൽ കേരളം ഇതുവരെ മോചിതമായിട്ടില്ല. ആ സന്ദർഭത്തിലാണ് വീണ്ടും ഡാം കെട്ടാൻ സർക്കാർ ഒരുങ്ങുന്നത്. കോവിഡിെൻറ മറവിൽ എന്ത് തോന്ന്യവാസവും നടത്താമെന്നുള്ളതിെൻറ അവസാനത്തെ ഉദാഹരണമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.ഒ.സി നല്‍കിയ നടപടി ഇടതു നയത്തിന് വിരുദ്ധമാണെന്ന് എ.ഐ.വൈ.എഫ് അറിയിച്ചു. പദ്ധതി വിഭാവനം ചെയ്ത കാലം മുതല്‍ സി.പി.ഐ അതിനെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ഇല്ലാതാക്കുമെന്നും പദ്ധതിയുടെ ഭാഗമായ വൃഷ്ട്രിപ്രദേശത്തെ വനഭൂമി വെള്ളത്തിനടിയിലാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിമര്‍ശനം. 163 മെഗാവാട്ടിെൻറ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പല പഠന റിപ്പോര്‍ട്ടുകളിലും പദ്ധതി പരിസ്ഥിതിക്ക് വിനാശകരമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് എ.ഐ.വൈ.എഫ് ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.