'ഭരണകക്ഷിയുമായി​ ബന്ധമുള്ള ഉദ്യോഗസ്ഥർ കള്ളവോട്ടിന്​ കൂട്ടുനിൽക്കുന്നു'; യു.ഡി.എഫ്​ നേതാക്കൾ തെരഞ്ഞെടുപ്പ്​ കമീഷണറെ കണ്ടു

തിരുവനന്തപുരം: കള്ളവോട്ട് തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപടെണമെന്നാവശ്യപ്പെട്ട് നിയമസഭയിലെ യു.ഡി.എഫ് കക്ഷി നേതാക്കള്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണയെ നേരില്‍ കണ്ടു. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, ഉപനേതാവ് ഡോ. എം.കെ. മുനീര്‍, കക്ഷി നേതാക്കളായ പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരാണ്​ സന്ദർ​ശിച്ചത്​.

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടും ക്രമക്കേടുകളും നടന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ടെന്ന്​ ഇവർ ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ സ്വജനപക്ഷപാതവും രാഷ്​ട്രീയക്കളിയുമാണ് ഈ ക്രമക്കേടുകള്‍ക്കും കള്ളവോട്ടുകള്‍ക്കും കാരണം.

ഭരണകക്ഷിയുമായി വളരെ അടുത്ത്​ ബന്ധമുള്ള ഉദ്യേഗസ്ഥരെയാണ് പലയിടങ്ങളിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി നിയമിച്ചത്. ഇവരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര ക്രമക്കേടുകളും രാഷ്​ട്രീയ പക്ഷപാതിത്വവും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതായിരുന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ എം.എല്‍.എ തന്നെ കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫിസറെ ഭീഷണിപ്പെടുത്തിയ സംഭവം പോലും അടുത്തദിവസം പുറത്തുവന്നു.

ഡ്യുട്ടിക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത് നിഷ്പക്ഷവും സുതാര്യവുമായ രീതിയിലാണെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമേ കള്ളവോട്ടും ക്രമക്കേടുകളും ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്ന് യു.ഡി.എഫ് നേതൃസംഘം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചു. മാത്രമല്ല, ഭരണകക്ഷിയുമായി ബന്ധമുള്ള റിട്ടയര്‍ ചെയ്ത ഉദ്യേഗസ്ഥരെ ബൂത്ത് ലെവല്‍ പോളിംഗ് ഓഫിസര്‍മാരായി നിയമിക്കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇത് തടയണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഉദ്യേഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകൾ ശേഖരിച്ച കാര്യത്തിലും വലിയ കൃത്രിമങ്ങള്‍ നടന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഭിന്നശേഷിക്കാരുടെയും 80 വയസ്സ്​ കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാരുടെയും വോട്ടുകള്‍ പോസ്റ്റല്‍ വോട്ടായി ശേഖരിക്കാന്‍ കമീഷന്‍ തയാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്.

ഇവിടെയും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമം നടക്കുമെന്ന ആശങ്കയും കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നേതാക്കള്‍ പങ്കു​െവച്ചു. അതുപോലെ തന്നെ കംപാനിയന്‍ വോട്ടിന്‍റെ കാര്യത്തിലും വലിയ ക്രമക്കേടുകള്‍ നടക്കുമെന്ന ആശങ്കയുണ്ട്​. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് ഇ-ബാലറ്റിങ്​ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ഇ-ബാലറ്റിങ്​ ഏര്‍പ്പെടുത്താനുള്ള സാധ്യതകളും പരിശോധിക്കണമെന്ന്​ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. സുതാര്യവും നിഷ്പക്ഷവുമായ ഇടപെടലുകള്‍ കമീഷന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ പ്രതിപക്ഷ നേതാക്കളെ അറിയിച്ചു.

Tags:    
News Summary - UDF leaders met the Election Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.