പാനൂരിൽ യു.ഡി.എഫിന്‍റെ സമാധാന സന്ദേശയാത്ര; സ്ഫോടനം പ്രചാരണ വിഷയമാക്കി മുന്നണി

പാനൂർ: ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവം വടകര ലോക്സഭ മണ്ഡലത്തിൽ പ്രചാരണ വിഷയമാക്കി യു.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പലിന്‍റെ നേതൃത്വത്തിൽ പാനൂരിൽ സമാധാന സന്ദേശയാത്ര സംഘടിപ്പിച്ചു.

പാനൂർ പൊലീസ് സ്റ്റേഷന്‍റെ മുമ്പിൽ നിന്നാണ് സമാധാന സന്ദേശയാത്ര ആരംഭിച്ചത്. ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എയും യു.ഡി.എഫ് നേതാക്കളും സന്ദേശയാത്രയിൽ പങ്കെടുത്തു.

നാടിന്‍റെ സമാധാനത്തിനുള്ള നടപടികളാണ് വേണ്ടതെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. സി.പി.എമ്മിന് ബന്ധമുള്ളത് കൊണ്ടാണ് സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ എണ്ണം അടക്കം പുറത്തുവിടാത്തതെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. കൈയിലിരുന്നു പൊട്ടിയില്ലായിരുന്നെങ്കിൽ ആ ബോംബ് മറ്റാർക്കെങ്കിലും നേർക്ക് ഉപയോഗിക്കുമായിരുന്നു. അതിന്‍റെ പ്രത്യാഘാതം പറയാൻ സാധിക്കാത്തതാണെന്നും ഷാഫി ചൂണ്ടിക്കാട്ടി. 

ടി.പി. ചന്ദ്രശേഖരൻ, ശുഹൈബ് അടക്കമുള്ള കൊലപാതകങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് സി.പി.എം പറഞ്ഞിട്ടുള്ളത്. ഇത് വിശ്വാസിക്കാൻ സാധിക്കാത്ത സ്ഥിരം പ്രസ്താവനയാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. ബോംബ് നിർമാണം അടക്കമുള്ള പ്രവണതകളെ തുടച്ചുനീക്കുമെന്നോ നിലക്ക് നിർത്തുമെന്നോ പറഞ്ഞിരുന്നെങ്കിൽ ജനങ്ങൾ വിശ്വാസിച്ചേനെ എന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.  

വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് പാനൂർ മുളിയാത്തോട് മാവുള്ള ചാലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിച്ച മുളിയാത്തോട് കാട്ടിന്റവിട (എലികൊത്തിന്റവിട) ഷറിലാണ് (31) മരിച്ചത്. ഗുരുതര പരിക്കേറ്റ മുളിയാത്തോട് വലിയപറമ്പത്ത് വിനീഷ് (39) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഷറിലിന്റെ വയറിനും ചെവിക്കുമാണ് ഗുരുതര പരിക്ക്. വിനീഷിന്റെ ഇരുകൈകളും അറ്റുതൂങ്ങിയ നിലയിലാണ്. സ്ഫോടന ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പേർക്ക് പരിക്കുണ്ടെങ്കിലും ഇവർ എവിടെയാണ് എന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രദേശത്തുനിന്ന് പൊട്ടാത്ത ഏതാനും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കി.

സംഭവസമയത്ത് 10ഓളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. മരിച്ച ഷറിൽ സി.പി.എമ്മുകാരനാണെങ്കിലും നേതൃത്വം നിഷേധിച്ചു. സി.പി.എമ്മുകാരെ മർദിച്ചതിന് ഉൾപ്പെടെ ഷറിലിന്റെയും വിനീഷിന്റെയും പേരിൽ നിരവധി കേസുകളുണ്ട്. സാമൂഹ മാധ്യമങ്ങളിലടക്കം ഇവർ സി.പി.എമ്മിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ വിനീഷിന്റെ പിതാവ് മാവുള്ള ചാലിൽ വലിയപറമ്പത്ത് നാണു പ്രാദേശിക സി.പി.എം നേതാവാണ്.

Tags:    
News Summary - UDF Peace Mission in Panoor; The front made the blast a campaign issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.