ഈരാറ്റുപേട്ട: അനിശ്ചിതത്വങ്ങൾക്കിടെ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ സുഹറ അബ്ദുൽഖാദർ വീണ്ടും ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ. എസ്.ഡി.പി.ഐയിലെ നസീറ സുബൈറിനെയാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിലെ 14 അംഗങ്ങളും എസ്.ഡി.പി.ഐയിലെ അഞ്ച് അംഗങ്ങളും തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. സുഹറക്ക് 14 വോട്ടും നസീറക്ക് അഞ്ച് വോട്ടും ലഭിച്ചു. ഒമ്പതംഗങ്ങളുള്ള എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം എൽ.ഡി.എഫിനൊപ്പം അവിശ്വാസത്തിൽ ഒപ്പിട്ടിരുന്ന യു.ഡി.എഫ് അംഗം അൻസൽന പരീക്കുട്ടി സുഹറ അബ്ദുൽഖാദറിന് വോട്ട് ചെയ്തു.
ആഗസ്റ്റ് 31നാണ് എൽ.ഡി.എഫിലെ ഒമ്പത് അംഗങ്ങളും യു.ഡി.എഫിൽനിന്ന് കൂറുമാറിയ അംഗവും ഉൾെപ്പടെ പത്തുപേർ ഒപ്പിട്ട് അവിശ്വാസം നൽകിയത്. സെപ്റ്റംബർ ഒമ്പതിന് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ 15 അംഗങ്ങളുടെ പിന്തുണയിൽ അവിശ്വാസ പ്രമേയം പാസായതോടെ യു.ഡി.എഫിെൻറ ചെയർപേഴ്സൻ സുഹറ അബ്ദുൽഖാദർ പുറത്താകുകയായിരുന്നു. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എസ്.ഡി.പി.ഐയും പിന്തുണച്ചു. എന്നാൽ, ഈ കൂട്ടുകെട്ട് വിവാദമായി.
വിഷയം സി.പി.എം സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്തു. ഒരുനിലക്കും എസ്.ഡി.പി.ഐയുമായി ചേർന്ന് ഭരണം നടത്തരുതെന്ന് സംസ്ഥാന കമ്മിറ്റി ജില്ല, ഏരിയ കമ്മിറ്റികൾക്ക് നിർദേശം നൽകി. എന്നാൽ, യു.ഡി.എഫ് വിട്ടുവന്ന അൻസൽനയെ ചെയർപേഴ്സൻ സ്ഥാനാർഥിയാക്കി ഇടതുമുന്നണിയും എസ്.ഡി.പി.ഐയുംകൂടി ഭരണംപിടിക്കാനാണ് അവസാന നിമിഷംവരെ പ്രാദേശികമായി തീരുമാനിച്ചിരുന്നത്. ഇതിനെതിരുനിന്നാൽ എൽ.ഡി.എഫ് കൗൺസിലർമാർ പാർട്ടി അംഗത്വംവരെ രാജിവെക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചതോടെ മറുപക്ഷം പ്രചാരണം കൊഴുപ്പിച്ചു.
സ്വന്തമായി ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചെയർേപഴ്സൻ തെരഞ്ഞെടുപ്പിൽ ഇടതു കൗൺസിലർമാർ വിട്ടുനിൽക്കുമെന്ന് ഇടതുമുന്നണി നേതാക്കൾ വാർത്തസമ്മേളനം നടത്തി നേരത്തെ അറിയിച്ചതും മുന്നണിവിട്ട അൻസൽന പരീക്കുട്ടിയെ അനുനയിപ്പിച്ച് തിരിച്ചെത്തിക്കാൻ കഴിഞ്ഞതും യു.ഡി.എഫിന് നേട്ടമായി. 28 അംഗ കൗൺസിലിൽ യു.ഡി.എഫ് -12, വെൽഫെയർ പാർട്ടി -രണ്ട്, സി.പി.എം -ഒമ്പത്, എസ്.ഡി.പി.ഐ -അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. കാഞ്ഞിരപ്പള്ളി ഐ.എച്ച്.ഡി.പി പ്രോജക്ട് ഓഫിസർ സി. വിനോദ് കുമാർ വരണാധികാരിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.