ഭക്ഷണം കഴിക്കുമ്പോൾ ഒരുപങ്ക് പി.ടിക്ക് മാറ്റിവെക്കുന്നത് സ്വകാര്യത; സൈബർ ആക്രമണത്തിനെതിരെ ഉമ തോമസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്​ കഴിഞ്ഞിട്ടും സ്ഥാനാർഥികൾക്കെതിരെ സൈബർ ആക്രമണത്തിന്​ കുറവില്ല. പി.ടി. തോമസിനായി താൻ ഇപ്പോഴും ഭക്ഷണം മാറ്റിവെക്കാറുണ്ടെന്ന്​ ഉമ തോമസ്​ പറഞ്ഞതിന്‍റെ ചുവടുപിടിച്ചാണ്​ ട്രോളുകളും അധിക്ഷേപവും സൈബറിടങ്ങളിൽ നിറഞ്ഞത്​. ഇതിനെതിരെ ഉമ രംഗത്തുവന്നു. തെരഞ്ഞെടുപ്പിന്‍റെ അവസാന ദിവസങ്ങളിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ വിഡിയോയും പ്രചരിച്ചിരുന്നു.

പി.ടി. തോമസിനായി ഭക്ഷണം മാറ്റിവെക്കുന്നുവെന്ന് പറഞ്ഞതിന് തനിക്ക് ഹീനമായ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് ഉമ തോമസ് പറഞ്ഞു. താൻ ഭക്ഷണം കഴിക്കുമ്പോൾ ഒരുപങ്ക് പി.ടിക്ക് മാറ്റിവെക്കുന്നത് തന്‍റെ സ്വകാര്യതയാണ്. അത്​ പൊതുഇടങ്ങളിൽ ചർച്ച ചെയ്യുന്നതും ഇഷ്ടമല്ല. തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് പരാജയഭീതികൊണ്ടാണെന്നും അവർ പറഞ്ഞു.

താനൊരു സ്ഥാനാർഥിയായപ്പോൾതന്നെ ഒരു സ്ത്രീയെന്ന തരത്തിലുള്ള ആക്രമണം നേരിട്ടുകഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകൾ ഭർത്താവ് മരിച്ചുകഴിഞ്ഞാൽ ചിതയിലേക്ക് ചാടും. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ചാടി എന്നൊക്കെയാണ് ചിലർ പറഞ്ഞത്. ചിതയിലേക്ക് ചാടുന്ന തരത്തിലുള്ള സ്ത്രീകളാണ് ഇവിടെ വേണ്ടത് എന്നാണോ അവർ ചിന്തിക്കുന്നത്​. നേതൃപാടവമുള്ള സ്ത്രീകൾ ഇവിടെ വരരുത് എന്നാണ് ഇടതു മുന്നണി ചിന്തിക്കുന്നത് എങ്കിൽ, അവർ തിരുത്തപ്പെടേണ്ടവരാണെന്നും ഉമ തോമസ് പറഞ്ഞു.

Tags:    
News Summary - Uma Thomas against cyber attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.