വർക്കല: ലോകമാകെ സുസ്ഥിര വികസനം ചർച്ച ചെയ്യുമ്പോൾ 90 വർഷം മുമ്പേ അതിനായി എട്ട് വിഷയങ്ങൾ ശ്രീനാരായണ ഗുരു ഉപദേശിെച്ചന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ശിവഗിരിയിൽ 89ാമത് തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിഷയങ്ങളാണ് സുസ്ഥിര വികസനം ലക്ഷ്യമിട്ട് വർഷാവർഷം ഐക്യരാഷ്ട്രസഭയും ചർച്ച ചെയ്യുന്നത്. ഗുരുവിെൻറ ദീർഘവീക്ഷണത്തിെൻറ ഏറ്റവും വലിയ ഉദാഹരണമാണിത്. ഈ വിഷയങ്ങളിലൂന്നിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നോട്ടുനീങ്ങുന്നത്.
ഗുരുദർശനങ്ങളുടെ പ്രസക്തി ഭാരതം മാത്രമല്ല ലോകം മുഴുവനും ചർച്ച ചെയ്യുകയാണ്. പക്ഷേ, ഗുരുവിനെ പൂർണമായും മനസ്സിലാക്കാനും പഠിക്കാനും നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യം നിലനിൽക്കുന്നു. ഗുരു ഏതെങ്കിലുമൊരു വിഭാഗത്തിെൻറ ആളായിരുന്നു എന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട്. ഗുരുദർശനം സമസ്ത ജീവജാലങ്ങളുടെയും ഉന്നമനത്തിന് വേണ്ടിയുള്ളതാണ് എന്ന് തിരിച്ചറിയാൻ സാധിക്കാത്തവരും അതിന് വിമുഖത കാണിക്കുന്നവരും ഉണ്ട്. സനാതനധർമമെന്നോ ഹിന്ദു എന്ന പദം കൊണ്ടോ ഏതെങ്കിലുമൊരു വിഭാഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കരുതുന്നവരുമുണ്ട്. അവർ സനാതനധർമത്തെയോ ഹിന്ദു എന്ന പദത്തെയോ കുറിച്ച് ശരിയായി മനസ്സിലാക്കാത്തവരും പഠിക്കാത്തവരുമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി വി.എൻ. വാസവൻ, എം.എ. യൂസുഫലി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ മുഖ്യാതിഥികളായി. ഗുരുദർശനങ്ങൾ ജീവിതത്തിൽ പകർത്തിയാൽ ശാന്തിയും സമാധാനവും കൈവരുമെന്നും വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ഗുരുവിെൻറ ഉദ്ബോധനമാണ് കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ശ്രീനാരായണ ധർമം ഉയർത്തിപ്പിടിച്ച് ജീവിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും മാനവികതയെയാണ് ഗുരു നിരന്തരം ഉദ്ഘോഷിച്ചതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഗുരുവിെൻറ സന്ദേശങ്ങൾ ഇപ്പോഴും ഉൾക്കൊള്ളാൻ മലയാളിക്കായിട്ടില്ല എന്നതിെൻറ തെളിവാണ് വർധിച്ചുവരുന്ന കലഹങ്ങളും സംഘർഷങ്ങളുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരുദർശനങ്ങൾ പഠിക്കാത്തതാണ് പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും യുവത ഗുരുസന്ദേശങ്ങളിലേക്ക് മടങ്ങിയാൽ സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും പരിഹാരമാകുമെന്നും എം.എ. യൂസുഫലി പറഞ്ഞു.
അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ വി. ജോയി, കെ. ബാബു, മുൻ എം.എൽ.എ വർക്കല കഹാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, എ.വി.എ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി ഡോ. എ.വി. അനൂപ്, സ്വാമിമാരായ ഋതംഭരാനന്ദ, ശാരദാനന്ദ, ഗുരുപ്രസാദ്, അസ്പർശാനന്ദ, അമേയാനന്ദ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.