പാലക്കാട്: കെ.ടി.ഡി.സി ചെയർമാനും സി.പി.എം നേതാവുമായ പി.കെ ശശിക്കെതിരെ വീണ്ടും പരാതി. മണ്ണാർക്കാട്ടെ സഹകരണ സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടത്തുന്നുവെന്നാണ് പരാതി. മണ്ണാർക്കാട് നഗരസഭ അംഗവും ലോക്കല്‍ കമ്മറ്റി അംഗവുമായ മൻസൂറാണ് പരാതി നൽകിയത്.
മണ്ണാർക്കാട് നഗരത്തിലും പരിസര പ്രദേശത്തുമുള്ള സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ പി.കെ ശശിയുടെ നേതൃത്വത്തിൽ അനധികൃത നിയമനങ്ങൾ നടത്തുന്നു എന്നാണ് സംസ്ഥാന കമ്മിറ്റിക്ക് മൻസൂർ നൽകിയിരിക്കുന്ന പരാതി. നേരത്തെ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് സംസ്ഥാന കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.
പി.കെ ശശിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകളുടെ മക്കൾ, മരുമക്കൾ ഉൾപ്പടെയുള്ള അടുത്ത ബന്ധുക്കൾക്ക് പാർട്ടി പോലും അറിയാതെ നിയമനങ്ങൾ നടത്തുന്നു എന്ന് മൻസൂറിന്റെ പരാതിയിൽ പറയുന്നു. സംസ്ഥാന കമ്മിറ്റി പരാതി പരിശോധിച്ച് നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.