ഡോക്ടര്‍മാരുടെ തൊഴിലില്ലായ്മ ആരോഗ്യമേഖലയില്‍ പ്രശ്‌നം സൃഷ്ടിക്കുന്നു -ഐ.എം.എ

ആലുവ: ഡോക്ടര്‍മാർ നേരിടുന്ന തൊഴിലില്ലായ്മയും സ്വകാര്യമേഖലയിൽ തൊഴിലുറപ്പ് ഇല്ലാത്തതും ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) സംസ്​ഥാന പ്രസിഡന്‍റ്​ ഡോ. സാമുവല്‍ കോശി. ആലുവയിൽ നടന്ന ഐ.എം.എ അറുപത്തിനാലാം സംസ്ഥാന സമ്മേളനത്തിൽ സസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കോവിഡ് മഹാമാരി കാലത്ത് ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. കോവിഡ്​ മൂലം രാജ്യത്താകെ 2400ലേറെ ഡോക്ടര്‍മാർക്ക്​ ജീവന്‍ നഷ്ടമായി. കേരളത്തില്‍ 32 ഡോക്ടര്‍മാരാണ് കോവിഡ് 19 ബാധിച്ച്​ മരിച്ചത്. പ്രതികൂലസാഹചര്യത്തിലും ഈ മഹാമാരിക്കെതിരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രി മാലിന്യ നിര്‍മ്മാര്‍ജ്ജനരംഗം വ്യാവസായികവല്‍ക്കരിക്കുന്നത് ആരോഗ്യമേഖലയില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എം.എ ദേശീയ അധ്യക്ഷന്‍ ഡോ. ജെ.എ. ജയലാല്‍, ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ജയേഷ് എം. ലെലെ, ഐ.എം.എ. മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. എ. മാര്‍ത്താണ്ഡ പിള്ള, ഐ.എം.എ. എ.കെ.എന്‍. സിന്‍ഹ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. പി.കെ. മുഹമ്മദ് റഷീദ്, നിയുക്ത ഐ.എം.എ. ദേശീയ ഉപാധ്യക്ഷന്‍ ഡോ. ജോസഫ് മാണി, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.ടി. സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ സമ്മേളനത്തില്‍ അഞ്ഞൂറോളം പ്രതിനിധികള്‍ നേരിട്ടും, ഓണ്‍ലൈനായും പങ്കെടുത്തു.

ചടങ്ങിൽ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. സംസ്ഥാന പ്രസിഡന്‍റായി ഡോ. സാമുവല്‍ കോശിയും സംസ്ഥാന സെക്രട്ടറിയായി ഡോ. ജോസഫ് ബനവനും ചുമതലയേറ്റു. പുതിയ ഡോ. വി.എ. സിനി പ്രിയദര്‍ശിനി (സംസ്ഥാന ട്രഷറര്‍), ഡോ. പി. ഗോപികുമാര്‍, ഡോ. വി.പി. സുരേന്ദ്രബാബു, ഡോ. വി. മോഹനന്‍ നായര്‍ (സംസ്ഥാന വൈസ് പ്രസി.), ഡോ. ജോയി മഞ്ഞില, ഡോ. നാരായണന്‍ പി., ഡോ. അനിത ബാലകൃഷ്ണന്‍, ഡോ. ശ്രീജിത്ത് ആര്‍. (ജോ. സെക്ര.) എന്നിവരാണ്​ മറ്റുഭാരവാഹികൾ.

മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. രാജന്‍ ശര്‍മ പുതിയ പ്രസിഡന്‍റ്​ ഡോ. സാമുവല്‍ കോശിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

സങ്കര ചികിത്സാ സമ്പ്രദായത്തിനെതിരെ പ്രതിഷേധം ശക്​തമാക്കും

സങ്കര ചികിത്സാ സമ്പ്രദായം അശാസ്ത്രീയവും ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്തതും ആണെന്നും അതിനാല്‍ സങ്കര ചികിത്സാനയത്തിനെതിരായി സമരം തുടരുമെന്നും ഡോ. സാമുവല്‍ കോശി വ്യക്തമാക്കി. സങ്കര ചികിത്സ പ്രോത്സാഹിപ്പിക്കുന്ന പുതിയ ആരോഗ്യ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ ചികിത്സയെയും സങ്കര ചികിത്സാപദ്ധതിയെയും പിന്തുണയ്ക്കുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ ഉപഭോക്തൃ സംരക്ഷണ നിയമപരിധിയില്‍ ആധുനിക ചികിത്സാ സമ്പ്രദായത്തെ ഉള്‍പ്പെടുത്തുന്നത് വിപരീതഫലങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ ആരോഗ്യരംഗത്തെ ഈ നിയമപരിധിയില്‍ നിന്നും ഒഴിവാക്കണം. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ചെറിയ ആശുപത്രികള്‍ക്ക് വലിയ ആഘാതം ഏല്‍പ്പിക്കുമെന്നും ചെറുകിട ആശുപത്രികള്‍ അടച്ചുപൂട്ടുന്നതിന് ഇത് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനപ്രതിനിധികളുടെ ഒരു സംഘം ഈ കാര്യങ്ങള്‍ ഒന്നുകൂടി പഠിച്ച് ഉചിതമായ ഭേദഗതികളോടുകൂടി മാത്രമേ ഈ നിയമം കേരളത്തില്‍ നടപ്പാക്കാവൂവെന്നും സംസ്​ഥാന പ്രസിഡന്‍റ്​ ആവശ്യ​പ്പെട്ടു.

Tags:    
News Summary - Unemployment of doctors is a problem in the health sector - IMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.