ഇന്‍ഷുറന്‍സില്ലാത്ത ബസ് അപകടമുണ്ടാക്കി; കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷങ്ങൾ പിഴയിട്ട് കോടതി

കോഴിക്കോട്: ഇന്‍ഷുറന്‍സില്ലാത്ത കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന് നഷ്ടപരിഹാരമായി എട്ടര ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സി പിഴ അടക്കണമെന്ന് കോടതി വിധി. കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബ്യൂണലാണ് വിധി പറഞ്ഞത്.

2021 ജനുവരി 19ന് എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു അപകടം. അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് പറമ്പില്‍ ബസാര്‍ വാണിയേരിത്താഴം താഴെ പനക്കല്‍ വീട്ടില്‍ മൊയ്തീന്‍ കോയയുടെ മകന്‍ പി.പി. റാഹിദ് മൊയ്തീന്‍ അലി (27) സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി എം.പി. ശ്രീനിവാസന്‍ (46), കെ.എസ്.ആര്‍.ടി.സി മാനേജിങ്ങ് ഡയറക്ടര്‍, നാഷനല്‍ ഇന്‍ഷൂറന്‍സ് കമ്പനി എന്നിവരെ യഥാക്രമം ഒന്നും, രണ്ടും, മൂന്നും എതിര്‍കക്ഷികളാക്കിയാണ് പരിക്കേറ്റ റാഹിദ് മൊയ്തീന്‍ അലി കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബൂണലില്‍ കേസ് ഫയല്‍ ചെയ്തത്.

അപകടം നടന്ന ദിവസം കെ.എസ്.ആര്‍.ടി.സി ബസിന് ഇന്‍ഷൂറന്‍സ് ഇല്ലായിരുന്നുവെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് പലിശ അടക്കം 8,44,007 രൂപ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച ഡ്രൈവറും, കെ.എസ്.ആര്‍.ടി.സി മാനേജിങ്ങ് ഡയറക്ടറും ചേര്‍ന്ന് നല്‍കണമെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബൂണല്‍ ജഡ്ജ് കെ. രാജേഷ് ഉത്തരവിട്ടത്. പരിക്കേറ്റ റാഹിദിന് വേണ്ടി അഡ്വക്കറ്റ് എം. മുഹമ്മദ് ഫിര്‍ദൗസ് ഹാജരായി.

Tags:    
News Summary - uninsured bus caused an accident; KSRTC fined 8 lakhs by the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.