കൊച്ചി: വനിത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ അനാവശ്യമായി ഹരജി നൽകിയ ബസ് സംഘടന നേതാവ് കോടതിച്ചെലവ് നൽകണമെന്ന് ഹൈകോടതി. എറണാകുളത്തെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്മിത ജോസിന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോൺസൺ പടമാടൻ 25,000 രൂപ കോടതിച്ചെലവായി നൽകണമെന്നാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. ഒരുമാസത്തിനകം തുക കൈമാറിയില്ലെങ്കിൽ പണം ഇൗടാക്കി നൽകണമെന്ന് ജില്ല കലക്ടർക്കും നിർദേശം നൽകി.
സ്മിത ജോസ് 2014ൽ മട്ടാഞ്ചേരിയിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരിക്കെ വാഹനപരിശോധന നടത്തുന്നതിനിടെ പണവും രസീതുകളും മോഷണം പോയെന്നും ഈ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടാണ് ജോൺസൺ ഹൈകോടതിയെ സമീപിച്ചത്.
4.45 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടും 21,000 രൂപ മാത്രമാണ് പോയതെന്ന് കാണിച്ച് ഇൗ ചെറിയ തുക കെട്ടിെവച്ച് ബാധ്യതയിൽ നിന്നൊഴിവായെന്നായിരുന്നു ആരോപണം. ജോലിസമയം കഴിഞ്ഞാണ് പരിശോധന നടത്തിയതെന്നും ഹരജിക്കാരൻ വാദിച്ചു.
എന്നാൽ, മുഴുസമയ ഉദ്യോഗസ്ഥെരന്ന നിലയിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് പ്രത്യേക ഡ്യൂട്ടി സമയമില്ലെന്ന് കോടതി വിലയിരുത്തി. ഹരജിക്കാരെൻറ സംഘടനയുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിലുള്ള പ്രതികാരമായാണ് തനിക്കെതിരെ ഹരജി നൽകിയതെന്നായിരുന്നു ഉദ്യോഗസ്ഥയുടെ വാദം. ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയുടെ ഭാഗമായി ആരോപണം ഉന്നയിക്കുന്നത് പതിവാണ്. സമാനമായ മറ്റൊരു കേസിൽ അഞ്ചുലക്ഷം രൂപ കോടതിച്ചെലവ് നൽകാൻ സംഘടന ഭാരവാഹിയെ ശിക്ഷിച്ചിട്ടുണ്ടെന്നും ഉേദ്യാഗസ്ഥ ചൂണ്ടിക്കാട്ടി. പൊതുതാൽപര്യ ഹരജിയുടെ പേരിൽ വ്യാജപരാതികൾ വർധിച്ചുവരുകയാണെന്ന് നിരീക്ഷിച്ച കോടതി, തുടർന്ന് ഹരജി തള്ളുകയായിരുന്നു. ഇതോടൊപ്പമാണ് കോടതിച്ചെലവ് നൽകാൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.