സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തിനു പരിഹാരമായില്ല. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നു. തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയോളം അടച്ചിട്ടിരുന്ന പള്ളി രണ്ട് ദിവസം മുമ്പാണ് തുറന്നത്.
ഇരു കുര്‍ബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും വിശ്വാസികളും പള്ളിയിലെത്തി.പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലിലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന നടത്തിയപ്പോള്‍ വിമത വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു.
ഇതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി. ഗോബാക്ക് വിളികളും മുദ്രാവാക്യവുമായി ഇരുവിഭാഗവും പ്രതിഷേധിക്കുകയാണ്. കുര്‍ബാന അര്‍പ്പിക്കാനെത്തിയ ആന്‍ഡ്രൂസ് താഴത്തിനെ സമരക്കാര്‍ തടഞ്ഞു. പള്ളിയുടെ കവാടം പൂട്ടിയാണ് പ്രതിഷേധക്കാര്‍ ബിഷപ്പിനെ തടഞ്ഞത്.
ഇതോടെ ഏകീകൃത കുര്‍ബാനയെ പിന്തുണച്ച് ബിഷപ്പിനൊപ്പം നില്‍ക്കുന്ന വിശ്വാസികളുടെ വിഭാഗത്തില്‍ നിന്നുള്ളവര്‍ ആസ്ഥാനത്തേക്ക് കയറി ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തു. സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിന് പിന്നാലെ പൊലീസെത്തി ഇരുവിഭാഗത്തിനെയും പിരിച്ചുവിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളിക്കകത്ത് കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലിന് ഹൈകോടതി പൊലീസ് സംരക്ഷണം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.