കൊച്ചി: സംസ്ഥാന വെയർഹൗസിങ് കോർപറേഷനിൽനിന്ന് വിരമിച്ചവർക്ക് പെൻഷൻ കുടിശ്ശിക സഹിതം വിതരണം ചെയ്യണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചും വിധിച്ചു. 2018 മാർച്ച് വരെയുള്ള കുടിശ്ശിക നൽകണമെന്ന 2020ലെ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കോർപറേഷൻ ഉൾപ്പെടെ നൽകിയ അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
പരിഷ്കരിച്ചതിനു ശേഷമുളള അവസാന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ആനുകൂല്യങ്ങൾ പുനർനിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ പെൻഷനേഴ്സ് അസോസിയേഷനും മുൻ ജീവനക്കാരനും നൽകിയ ഹരജിയിലായിരുന്നു പരിഷ്കരിച്ച നിരക്കിൽ ഹരജിക്കാർക്ക് പെൻഷന് അർഹതയുണ്ടെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ, അടിസ്ഥാന പെൻഷൻ 3650 രൂപയിൽ കവിയരുതെന്നും 2018 ഏപ്രിൽ വരെയുള്ള ഡി.ആർ ഉൾപ്പെടെ കുടിശ്ശികയടക്കം മൂന്നുമാസത്തിനുള്ളിൽ നൽകണമെന്നും നിർദേശിച്ചിരുന്നു.
2001 മുതൽ പെൻഷൻ കാര്യത്തിൽ പോരാട്ടം നടത്തുന്ന ഹരജിക്കാരുടെ പ്രായം പരിഗണിച്ച് എത്രയുംവേഗം നടപടികളെടുക്കണമെന്നായിരുന്നു ഉത്തരവ്. സിംഗിൾബെഞ്ച് ഉത്തരവിൽ അപാകതകളില്ലെന്നും ഇടപെടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയ ഡിവിഷൻബെഞ്ച് ഉത്തരവ് ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.