എറണാകുളം ജില്ലയിൽ അപകടകരമായ മരങ്ങൾ മുറിക്കാ൯ അടിയന്തര നടപടി

കൊച്ചി: ജില്ലയിൽ കനത്ത മഴയെ തുട൪ന്ന് കോതമംഗലം നേര്യമംഗലം വില്ലേജിൽ കാറിനു മുകളിൽ മരം വീണ് ഒരാൾ മരിക്കുകയും മൂന്നു പേ൪ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ അപകടകരമായ നിലയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കാ൯ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ആന്റണി ജോൺ എം.എൽ.എ എഴുതി നൽകിയ നി൪ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നേര്യമംഗലം വില്ലേജിൽ സമാനമായ രീതിയിൽ അപകടകരമായ നിലയിലുള്ള മരങ്ങളെക്കുറിച്ച് തഹസിൽദാ൪ റിപ്പോ൪ട്ട് നൽകി. അപകടകരമായ നിലയിലുള്ള മരം മുറിക്കുന്നതിന് ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. മറ്റു സ്ഥലങ്ങളിലും മനുഷ്യജീവന് അപകടകരമായ നിലയിലുള്ള മരങ്ങൾ സംബന്ധിച്ച് റിപ്പോ൪ട്ട് തയാറാക്കി മുറിക്കുന്നതിനുള്ള നടപടി സ്വീകരിക്കാ൯ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി.

അയ്യമ്പുഴ പ്ലാന്റേഷനിലേക്കുള്ള കെ.എസ്.ആ൪.ടി.സി ബസും സ്വകാര്യ ബസും തമ്മിലുള്ള സമയത്ത൪ക്കം പരിഹരിക്കണമെന്ന് റോജി ജോൺ എം.എൽ.എ ആവശ്യപ്പെട്ടു. അങ്കമാലി-കരയാംപറമ്പ് ജംക്ഷനിലെയും അങ്ങാടിപ്പറമ്പത്ത് ജംക്ഷനിലെയും ഗതാഗത പരിഷ് കാരങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും പഴയ രീതി പുനസ്ഥാപിക്കണമെന്നും എം.എൽ.എ മോട്ടോ൪ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു.

അമ്പലമുഗൾ അയ്യങ്കുഴിയിലുണ്ടായ വാതക ചോ൪ച്ച സംബന്ധിച്ച് സ്ഥലത്തെത്തി പരിശോധന നടത്താത്തത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോ൪ഡ് എ൯വയോൺമെന്റൽ എ൯ജിനീയരോട് വിശദീകരണം ചോദിക്കണമെന്ന് പി.വി. ശ്രീനിജി൯ എം.എൽ.എ. ആവശ്യപ്പെട്ടു.

വടുതല, എളംകുളം മലിനജല സംസ്കരണ പ്ലാന്റിന്റെ ശേഷി വ൪ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് ടി.ജെ. വിനോദ് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കെഎംആ൪എല്ലും വാട്ട൪ അതോറിറ്റിയും യോഗത്തിൽ അറിയിച്ചു.

മുറിക്കൽ ബൈപ്പാസിനായി സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിൽ പൂ൪ത്തീകരിക്കാനും ഏറ്റെടുക്കുന്നതിനായി കല്ലിട്ട നിശ്ചയിച്ച സ്ഥലങ്ങളിൽ ജിയോ ടാഗിംഗ് നടത്താനും മാത്യു കുഴൽനാട൯ എം.എൽ.എ ആവശ്യപ്പെട്ടു. തോട്ടഞ്ചേരി മേഖലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നത് സംബന്ധിച്ച് പൊലീസ് പരിശോധന ക൪ശനമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

കോതമംഗലത്ത് വന്യ ജീവി ആക്രമണം നേരിടാനായി സോളാ൪ ഫെ൯സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. 89 ലക്ഷം രൂപ ചെലവിൽ സോളാ൪ ഹാഗിംഗ് ഫെ൯സ് സ്ഥാപിക്കുന്നതിനുള്ള നബാ൪ഡ് പദ്ധതിക്ക് പദ്ധതി നി൪ദേശം സമ൪പ്പിച്ചിട്ടുണ്ടെന്നും ആന്റണി ജോൺ എം.എൽ.എ എഴുതി നൽകിയ വിഷയങ്ങൾക്ക് മറുപടിയായി യോഗം അറിയിച്ചു.

കലക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ കലക്ട൪ എ൯.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേ൪ന്ന ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എമാരായ റോജി ജോൺ, പി.വി. ശ്രീനിജി൯, ടി.ജെ. വിനോദ്, മാത്യു കുഴൽനാട൯, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯, ജില്ലാ പ്ലാനിംഗ് ഓഫീസ൪ എം.എം. ബഷീ൪, ജില്ലാതല ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

Tags:    
News Summary - Urgent action to cut dangerous trees in Ernakulam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.