വയനാടിനെ ചേർത്തു പിടിച്ച് ലോക രാജ്യങ്ങൾ; ദുരന്തത്തിൽ അനുശോചിച്ച് യു.എസും റഷ്യയും ചൈനയും

ഉരുൾപൊട്ടൽ കനത്ത നാശംവിതച്ച വയനാടിനെ ചേർത്തുപിടിച്ച് ലോകരാജ്യങ്ങളും. യു.എസ്, റഷ്യ, ചൈന, തുർക്കി രാജ്യങ്ങളാണ് വയനാടി​ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേരളത്തിലെ വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് എക്‌സില്‍ കുറിച്ചത്. കേരളത്തിലെ ഉരുൾപൊട്ടൽ ദാരുണമാണെന്നും അ​നുശോചനം അറിയിക്കുന്നുവെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തിൽ പറഞ്ഞു.

''കേരളത്തിലെ ഉരുൾ​ പൊട്ടൽ ദാരുണമാണ്. ദുരന്തത്തിൽ ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് എല്ലാ വിധ പിന്തുണയും. പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ.''-എന്നായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ സന്ദേശം. സംഭവത്തിൽ ചൈനയും അഗാധ ദുഃഖം അറിയിച്ചു. '​ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ വലിയ ഉരുൾ പൊട്ടലുണ്ടായതായി അറിഞ്ഞു. ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നു. പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.''-എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞത്.

കേരളത്തിലെ ദുരന്തബാധിതരായ ജനങ്ങൾക്ക് പിന്തുണയെന്നാണ് തുർക്കി വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന അനുശോചന സന്ദേശത്തില്‍, ദുരന്തത്തിൽ വ്യാപക നഷ്ടമുണ്ടായെന്ന് മനസിലാക്കുന്നെന്നും നിരവധി പേര്‍ക്ക് ജീവനും ഉപജീവനമാർഗവും നഷ്ടപ്പെട്ടതായി അറിഞ്ഞെന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ദുരന്തമാണ് നടന്നതെന്ന് അറിഞ്ഞതായും മുയിസു പറഞ്ഞു.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്ത്യയിലെ ഇറാന്‍ എംബസിയും അനുശോചനം അറിയിച്ചു. ഐക്യരാഷ്ട്ര സഭയും വിഷയത്തില്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - US, Russia and China mourn wayanad tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.