ചെന്നൈ: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് സഹായ ഹസ്തവുമായി സിനിമ താരങ്ങൾ. തമിഴ് താരങ്ങളായ സൂര്യ, കാർത്തി, ജ്യോതിക എന്നിവരും രശ്മിക മന്ദാനയുമാണ് സാമ്പത്തിക സഹായവുമായെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് നൽകിയത്.
ദുരന്തം ഹൃദയഭേദകമെന്ന് സൂര്യ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ‘ഉരുൾപൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവർക്ക് എന്റെ പ്രാർഥനകൾ. രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അംഗങ്ങളോടും ആദരവ്’ -സൂര്യ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ദുരന്തമറിഞ്ഞപ്പോൾ ഹൃദയം തകർന്നെന്നാണ് രശ്മിക മന്ദാന സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഈ അവസ്ഥ ഭീകരമാണ്. ദുരിതബാധിതരുടെ കുടുംബങ്ങൾക്കായി പ്രാർഥിക്കുന്നുവെന്നും രശ്മിക കുറിച്ചു. 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം സംഭാവന ചെയ്തത്.
കഴിഞ്ഞദിവസം നടൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.