കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി സിനിമ താരങ്ങൾ. മമ്മൂട്ടി ആദ്യഘട്ടമായി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷവും ഫഹദ് ഫാസിൽ-നസ്രിയ ദമ്പതികൾ ചേർന്ന് 25 ലക്ഷവും കൈമാറി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് മമ്മൂട്ടിയും ദുൽഖറും തുക കൈമാറിയത്. ഫഹദ്-നസ്രിയ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് 25 ലക്ഷം നൽകിയത്. ഫഹദ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി.പി സാലിയുടെ സി.പി ട്രസ്റ്റും സംയുക്തമായി ദുരന്തനിവാരണത്തിന് വയനാട്ടിലേക്ക് വാഹനങ്ങൾ അയച്ചിട്ടുണ്ട്. ആംബുലൻസ് സർവിസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണപദാർഥങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ തുടങ്ങിയവയാണ് എത്തിക്കുന്നത്.
തമിഴ് സിനിമ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തിയിരുന്നു. സൂര്യ, കാർത്തി, ജ്യോതിക എന്നിവർ ചേർന്ന് 50 ലക്ഷം രൂപയാണ് നൽകിയത്. വിക്രം കഴിഞ്ഞ ദിവസം 20 ലക്ഷം കൈമാറിയിരുന്നു. നടി രശ്മിക മന്ദാന 10 ലക്ഷവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.